കടൽക്കണ്ടം- പെരുവ പാലത്തിന് തറക്കല്ലിട്ടു

അടുത്ത വർഷം മാർച്ചോടെ കേരളത്തിലെ മുഴുവൻ ആദിവാസി ഊരുകളിലും വൈദ്യുതി ലഭ്യമാകുമെന്ന് പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കോളയാട് പഞ്ചായത്തിലെ പുനർ നിർമ്മിക്കുന്ന കടൽക്കണ്ടം- പെരുവ പാലത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ പല ആദിവാസി ഊരുകളിലും വൈദ്യുതി എത്താൻ ബാക്കിയുണ്ട്. അട്ടപ്പാടിയിലെ ചില ഊരുകളിൽ ഉൾപ്പെടെ ചിലയിടത്ത് കണക്ഷൻ ലഭ്യമാക്കാൻ കിലോമീറ്ററുകളോളം വൈദ്യുതി ലൈൻ വലിക്കണം. അതിനാൽ പ്രയാസമേറിയ സ്ഥലങ്ങളിൽ അനർട്ടുമായി സഹകരിച്ച് സോളാർ കണക്ഷനാണ് ലഭ്യമാക്കുക.

സ്വാതന്ത്ര്യ സമരത്തിൽ ആദിവാസികൾ രക്തസാക്ഷിത്വം വരിച്ചെന്ന ചരിത്രം പുതു തലമുറയിലെ പലർക്കുമറിയില്ല. അതിനാൽ 16 കോടി രൂപ ചെലവിൽ തദ്ദേശീയ ജനതയുടെ സമരചരിത്രം പറയുന്ന ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്സ് മ്യൂസിയത്തിന് വയനാട്ടിൽ തുടക്കം കുറിച്ച് കഴിഞ്ഞു.ഇരുപത് ഏക്കറിലാണ് മ്യൂസിയം ഒരുക്കുക. ആദിവാസി വിഭാഗത്തെ മികവിലേക്ക് ഉയർത്താൻ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. പൈലറ്റാകാനുള്ള കോഴ്സിന് പട്ടിക വർഗ വിഭാഗത്തിലെ കുട്ടികളെ തെരഞ്ഞെടുക്കും. മെഡിക്കൽ പഠനം പൂർത്തിയാക്കിയ 250 കുട്ടികളെ തെരഞ്ഞെടുത്ത് പി എച്ച് സി മുതൽ മെഡിക്കൽ കോളേജ് വരെയുള്ള സ്ഥലങ്ങളിൽ നിയമിക്കും. ഇവരുടെ ശമ്പളം പട്ടികജാതി വകുപ്പ് നൽകും. ആദിവാസി വിഭാഗത്തിലെ 500 എഞ്ചിനീയർമാർക്ക് അക്രഡിറ്റേഷൻ നൽകിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

കണ്ണവം വനപ്രദേശത്ത് 2005 ൽ നിർമ്മിച്ച പെരുവ-കടൽക്കണ്ടം പാലം പുഴയിലെ ശക്തമായ മഴ വെള്ളപ്പാച്ചിൽ നശിച്ചിരുന്നു. വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കടല്‍ക്കണ്ടം, ചന്ദ്രോത്ത്, ആക്കംമൂല, കളാങ്കണ്ടി എന്നീ കോളനികളിലെ നൂറിലധികം പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് പ്രധാന ടൗണുകളിലേക്ക് എത്തിച്ചേരാനുള്ള ഏക വനപാതയിലായിരുന്നു ഈ പാലം. ഇതോടെയാണ് പി ഡബ്യു ഡി (പാലം) വിഭാഗം 2022-2023 കോര്‍പ്പസ് ഫണ്ടിലുള്‍പ്പെടുത്തി 2.29 കോടി രൂപ പാലം നിർമ്മാണത്തിന് അനുവദിച്ചത്. അപ്രോച്ച് റോഡ് നിര്‍മാണത്തിന് വനഭൂമി തരം മാറ്റാൻ 4.24 ലക്ഷം രൂപ വനം പരിസ്ഥിതി മന്ത്രാലയത്തിനും അനുവദിച്ചിരുന്നു. 34 മീറ്റർ നീളത്തിലും അഞ്ചര മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുക.


ചടങ്ങിൽ കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ ജി എസ് ജ്യോതി റിപ്പോർട്ട് അവതരിപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ, കോളയാട് ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് എം റിജി, ജില്ലാ പഞ്ചായത്ത് അംഗം വി ഗീത, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഇ സുധീഷ് കുമാർ, പട്ടിക വർഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ കൃഷ്ണ പ്രകാശ്, ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ എ ടി കെ മുഹമ്മദ്, വാർഡ് അംഗം റോയ് പൗലോസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

error: Content is protected !!