ബാലസോർ ട്രെയിൻ ദുരന്തം: അറസ്റ്റിലായ റയിൽവേ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

ബാലസോർ ട്രെയിൻ ദുരന്തത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കേസിൽ അറസ്റ്റിലായ മൂന്ന് റയിൽവേ ഉദ്യോഗസ്ഥരെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. ഭുവനേശ്വറിലെ പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്. നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് പ്രതികൾക്കെതിരെയുള്ള കുറ്റം.

സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മഹാന്ത, സെക്ഷൻ എഞ്ചിനീയർ മൊഹമ്മദ് ആമിർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരെയാണ് കേസിൽ മുമ്പ് അറസ്റ്റ് ചെയ്തിരുന്നത്. സെക്ഷൻ 304, 201, റെയിൽവേ നിയമത്തിലെ സെക്ഷൻ 153 എന്നിവ പ്രകാരമാണ് പ്രകാരമാണ് കേസ്. ജീവനക്കാരുടെ അശ്രദ്ധ മൂലം സി​ഗ്നലിങ്ങിൽ വന്ന പിഴവുകൾ കാരണമാണ് അപകടം നടന്നതെന്ന് കണ്ടെത്തിയിരുന്നു.

ജൂൺ രണ്ടിനായിരുന്നു ഒഡിഷയിലെ ബാലസോറിൽ വെച്ച് അപകടമുണ്ടായത്. ഹൗറയിൽനിന്ന്‌ ചെന്നൈയിലേക്ക്‌ പോയ കോറമാണ്ഡൽ എക്‌സ്‌പ്രസ്‌ നിർത്തിയിട്ട ചരക്കു ട്രെയിനിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. പിന്നാലെ അടുത്ത ട്രാക്കിലൂടെ വന്ന യശ്വന്ത്‌പുർ–ഹൗറ എക്‌സ്‌പ്രസും ഇതിൽ ഇടിച്ച്‌ പാളംതെറ്റി. സംഭവത്തിൽ 293 പേർ മരിക്കുകയും 1,200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

error: Content is protected !!