ആദിത്യ എൽ-1 വിക്ഷേപണം ഇന്ന്

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ വിക്ഷേപണം ഇന്ന്. പി എസ് എൽ വി – സി 57 റോക്കറ്റിൽ രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. പ്രാരംഭ ഘട്ടത്തിൽ ഭൂമിയുടെ താഴ്ന്ന ഭ്രമണ പഥത്തിൽ ആയിരിക്കും പേടകം. സൂര്യന്റെയും ഭൂമിയുടേയും ഗുരുത്വാകർഷണബലം സന്തുലിതമായ ലഗ്രാഞ്ച്യൻ പോയന്റ് വണ്ണാണ് പേടകത്തിന്റെ ലക്ഷ്യം.

ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഹാലോ ഭ്രമണ പഥത്തിൽ 4 മാസം കൊണ്ടാണ് പേടകം എത്തുക. സൗരാന്തരീക്ഷത്തിന്റെ മുകൾ ഭാഗം ചൂടാകുന്നതും, അതു സൃഷ്ടിക്കുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠിക്കലാണ് പ്രധാനലക്ഷ്യം. സൗരാന്തരീക്ഷത്തിന്റെ ചലനാത്മകതയും ഘടനയും മനസ്സിലാക്കൽ, സൗരവാത ഗതിവേഗവും താപനില വ്യതിയാനവും മനസിലാക്കൽ എന്നിവയും ലക്ഷ്യങ്ങളാണ്. ഇതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എൽ വണ്ണിലുള്ളത്. നാലെണ്ണം സൂര്യനിൽ നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ , കാന്തികവലയം എന്നിവയെപ്പറ്റി പഠിക്കും.

പേടകത്തിലെ പ്രധാന പേലോഡായ വിസിബിൾ എമിഷൻ ലൈൻ കോറോണഗ്രാഫ് മിനിറ്റിൽ ഒന്നെന്ന കണക്കിൽ ദിവസേന 1440 ചിത്രങ്ങൾ പകർത്തി ഗ്രൗണ്ട് സ്‌റ്റേഷനിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷ. ചന്ദ്രയാൻ മൂന്നിന് പിന്നാലെ ആദിത്യ എൽ വൺ കൂടി വിജയിച്ചാൽ ഇന്ത്യക്കും ഐ എസ് ആർ ഒയ്ക്കും വലിയ നേട്ടമാകും.

error: Content is protected !!