സുർജിത് ഭവനിൽ നടക്കുന്ന ‘വീ 20’ പരിപാടികൾ റദ്ദാക്കി; നടപടി പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന്

 ജി 20 ഉച്ചകോടിക്ക് ബദലായി സുർജിത് ഭവനിൽ നടക്കുന്ന ‘വി 20’ പരിപാടി റദ്ദാക്കി. പരിപാടിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് തീരുമാനം. ‘വി 20’ പരിപാടിക്ക് രേഖാമൂലം പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. ക്രമസമാധാനം, ഗതാഗത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ നൽകിയിട്ടില്ലെന്നാണ് നോട്ടീസിൽ പൊലിസ് പറയുന്നത്.

സുർജിത് ഭവന് ബുദ്ധിമുട്ട് ഉണ്ടാകേണ്ട എന്ന് കരുതിയാണ് വി 20 പരിപാടി റദ്ദാക്കിയത് എന്ന് സംഘാടക സമിതി അറിയിച്ചു. ഇന്നലെ തീരുമാനിച്ച എല്ലാ പരിപാടികളും നടന്നുവെന്നും സംഘാടക സമിതി അംഗം ജോ അത്യാലി പറഞ്ഞു. ജനങ്ങളുടെ വിഷയം ഉയർത്തുന്നതിൽ സർക്കാരിന് എതിർപ്പ് ഉണ്ടാകാം അതിനാലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത് എന്നും ജോ അത്യാലി ചൂണ്ടിക്കാണിച്ചു. സിപിഐഎമ്മിന്റെ പഠന ഗവേഷണ കേന്ദ്രമാണ് സുർജിത് ഭവൻ.

കഴിഞ്ഞ ദിവസം ‘വീ 20’ സമ്മേളനം പൊലീസ് തടയുകയും ബാരിക്കേഡുകള്‍ ഉപയോഗിച്ച് സുര്‍ജിത് ഭവനിലേക്കുള്ള പ്രവേശനം നിരോധിക്കുകയും ചെയ്തത് ദേശീയ തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സിപിഐഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും അടക്കമുള്ള നിരവധി പേര്‍ കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.

വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ‘ജി 20’ ഉച്ചകോടി ഡല്‍ഹിയില്‍ നടക്കാനിരിക്കെ, ഭരണകൂട താത്പര്യങ്ങള്‍ക്കെതിരായ ജനകീയ ബദലുകളെ ഉയര്‍ത്തിപ്പിടിച്ച് നിരവധി സംഘടനകളുടെ മുന്‍കൈയില്‍ സമാന്തരമായി നടന്ന സമ്മേളനമാണ് ‘വീ 20: പീപ്പിള്‍സ് സമ്മിറ്റ് ഓണ്‍ ജി 20’. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സാമൂഹ്യപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാമ്പത്തിക വിദഗ്ധര്‍, അഭിഭാഷകര്‍, അക്കാദമിക്കുകള്‍ എന്നിവരടങ്ങിയ അഞ്ഞൂറോളം ആളുകളാണ് ‘വീ 20’ സമ്മേളനത്തിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയത്.

ടീസ്ത സെതല്‍വാദ്, മേധ പട്കര്‍, ജയതി ഘോഷ്, മനോജ് ഝാ, ഹര്‍ഷ് മന്ദര്‍, അരുണ്‍ കുമാര്‍, ബ്രിന്ദ കാരാട്ട്, ഹനാന്‍ മൊല്ല, രാജീവ് ഗൗഡ തുടങ്ങിയ നിരവധി പേര്‍ ആദ്യ ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കവെയാണ് പൊലീസെത്തി സമ്മേളനം തടഞ്ഞത്. സമ്മേളനത്തിന് മുന്‍കൂര്‍ അനുമതി തേടിയില്ല എന്ന് കാണിച്ചായിരുന്നു പൊലീസ് തടഞ്ഞതെങ്കിലും സമ്മേളനത്തിന്റെ രാഷ്ട്രീയത്തെ ഭയപ്പെടുന്ന സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ നീക്കമാണെന്നാണ് സംഘാടകര്‍ പ്രതികരിച്ചത്. വെസ്റ്റ് ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം, രാജസ്ഥാന്‍ എന്നിങ്ങനെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ സമ്മേളനത്തിലെത്തിയിരുന്നു.

മൂന്ന് ദിവസങ്ങളിലായി നടക്കേണ്ടിയിരുന്ന സമ്മേളനത്തില്‍ ആഗോള ധനകാര്യം, ബാങ്കിംഗ്, വിവരാവകാശം, ഡിജിറ്റല്‍ സര്‍വൈലന്‍സ്, ഗ്രാമ നഗര ജീവിതം എങ്ങിനെ വിവിധ വിഷയങ്ങളിലായി ഒമ്പത് വര്‍ക് ഷോപ്പുകളായിരുന്നു ഉണ്ടായിരുന്നത്.

error: Content is protected !!