100 ശതമാനം പ്ലേസ്‌മെൻറ്; പെയിൻറർ ജനറൽ, പ്ലംബർ കോഴ്‌സുകളുമായി മാടായി ഗവ. ഐടിഐ

100 ശതമാനം പ്ലേസ്‌മെൻറ് നൽകുന്ന പെയിന്റർ ജനറൽ, മികച്ച ജോലി സാധ്യതയുള്ള പ്ലംബർ കോഴ്‌സുകളുമായി മാടായി ഗവ. ഐടിഐ. പഠനവും താമസവും ഭക്ഷണവും ഇവിടെ സൗജന്യമാണ്. പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഏക ഐ ടി ഐയാണ് മാടായിയിലേത്. കേന്ദ്ര സർക്കാരിന് കീഴിലെ എൻ സി വി ടി അംഗീകൃത പെയിന്റർ ജനറൽ (രണ്ടുവർഷം), പ്ലംബർ (ഒരു വർഷം) എന്നീ കോഴ്‌സുകളാണ് ഇവിടെ പഠിപ്പിക്കുന്നത്.

തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇവിടെ മാത്രമാണ് പെയിന്റർ ജനറൽ ട്രേഡുള്ളത്. 80 ശതമാനം എസ് സി വിഭാഗത്തിനും 10 ശതമാനം വീതം എസ് ടി, ജനറൽ വിഭാഗങ്ങൾക്കുമാണ് പ്രവേശനം. 2022 മുതൽ രണ്ട് ട്രേഡിലും പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചിരുന്നു.

മുഴുവൻ ട്രെയിനികൾക്കും 900 രൂപ യൂണിഫോം അലവൻസ്, 3000 രൂപ പഠനയാത്ര അലവൻസ്, ടെക്സ്റ്റ് ബുക്കുകൾ, ലോഗ്-റെക്കോർഡ് ബുക്കുകൾ, ഡയറി, പോഷകാഹാരം, ഉച്ചഭക്ഷണം എന്നിവ ലഭിക്കും. എസ് സി, എസ് ടി ട്രെയിനികൾക്ക് 800 രൂപ സ്‌റ്റൈപ്പന്റ്, 1000 രൂപ ലംപ്‌സം ഗ്രാൻഡ്, ടൂൾ കിറ്റ് എന്നിവയും നൽകും.

റെയിൽവേ, കൊച്ചിൻ ഷിപ്പ്‌യാർഡ്, കെഎസ്ആർടിസി, വാഹന സർവ്വീസ് സെന്റർ തുടങ്ങിയ ഇടങ്ങളിലാണ് പെയിന്റർമാർക്ക് അവസരം ലഭിക്കുന്നത്. വാട്ടർ അതോറിറ്റി, ആരോഗ്യവകുപ്പ്, റെയിൽവേ, വാട്ടർ തീം പാർക്കുകൾ തുടങ്ങിയവയിലാണ് പ്ലംബർമാരുടെ സാധ്യതകൾ. വാട്ടർ അതോറിറ്റിയുടെ കണക്ഷൻ നൽകാനും കരാർ ജോലികൾ ഏറ്റെടുക്കാനും പ്ലംബിംഗ് ലൈസൻസ് നേടാനും പ്ലംബർ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പൊതുമേഖല സ്ഥാപനങ്ങളിലേക്ക് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങും സ്വകാര്യ കമ്പനികളിൽ പ്ലേസ്‌മെന്റും നൽകുന്നുണ്ട്. കൂടാതെ എല്ലാ വർഷവും വ്യവസായ സ്ഥാപനങ്ങളിൽ 150 മണിക്കൂർ ‘ഓൺ ജോബ് ട്രെയിനിങ്ങും നൽകുന്നു.

സ്മാർട്ട് ക്ലാസ് മുറികൾ, നാല് വർക്ക്‌ഷോപ്പുകൾ, നാല് തിയറി ക്ലാസുകൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പ്ലേസ്‌മെന്റ് സെൽ എന്നിവ വിദ്യാർഥികൾക്കായി ഇവിടെയുണ്ട്. മൂന്ന് നിലകളിലായി നിർമ്മിച്ച ബോയ്‌സ് ഹോസ്റ്റൽ കെട്ടിടം ഈ വർഷം തുറന്നുനൽകും. ഓരോ കുട്ടിക്കും പ്രത്യേകം അലമാര, മേശ, കസേര കട്ടിൽ, കിടക്ക തുടങ്ങിയവയുള്ള 22 മുറികളിൽ 44 പേർക്ക് താമസിക്കാം. ഡൈനിങ് ഹാൾ, കോൺഫറൻസ് ഹാൾ, ലൈബ്രറി, അടുക്കള, സിക്ക് റൂം എന്നിവയും ഹോസ്റ്റലിലുണ്ട്. പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്ററും പഴയങ്ങാടി മുട്ടം റൂട്ടിലെ വെങ്ങര ഗെയ്റ്റ് ബസ്റ്റോപ്പിൽ നിന്ന് 100 മീറ്ററും സഞ്ചരിച്ചാൽ ഇവിടെയെത്താം. ഫോൺ: 0497 2877300, 7907767515.

error: Content is protected !!