കല്യാണ വീട്ടില്‍ സംഘര്‍ഷം; വധുവിന്റെ അച്ഛനെ വെട്ടിക്കൊന്നു, അയല്‍വാസികള്‍ പിടിയില്‍

വര്‍ക്കലയില്‍ വിവാഹത്തലേന്ന് ഉണ്ടായ കയ്യാങ്കളിയില്‍ വധുവിന്റെ അച്ഛന്‍ കൊല്ലപ്പെട്ടു. വര്‍ക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയില്‍ വച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെട്ടത്.

സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിന്‍, ശ്യം, മനു എന്നിവരെയാണ് വര്‍ക്കല പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇന്നലെ രാത്രി ഏകദേശം ഒരു മണിയോട് കൂടിയാണ് പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു സഹോദരന്‍ ജിജിന്‍ എന്നിവര്‍ വിവാഹ വീട്ടില്‍ എത്തി ബഹളം വച്ചത്. വിവാഹ തലേന്നത്തെ ആഘോഷ പാര്‍ട്ടി തീര്‍ന്നതിന് പിന്നാലെ ആണ് സംഘം എത്തിയത്.

കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ആദ്യം ബഹളം ഉണ്ടാക്കി. പിന്നീട് വീട്ടിലേക്കെത്തി. വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഈ അടുപ്പം പെണ്‍കുട്ടി അവസാനിപ്പിച്ചിരുന്നു. അപ്രതീക്ഷിതമായാണ് ജിഷ്ണുവും സഹോദരനും വിവാഹ വീട്ടിലെത്തുന്നത്.

ബഹളം വെച്ചതോടെ ശ്രീലക്ഷ്മിയുടെ പിതാവ് ഇവരെ തടഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. വാക്കേറ്റത്തിനിടെ പ്രതികളിലൊരാള്‍ മണ്‍വെട്ടി കൊണ്ട് രാജുവിനെ വെട്ടുകയും കത്തികൊണ്ട് കുത്തുകുമായിരുന്നു.

ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസ് പറയുന്നത്.

error: Content is protected !!