കണ്ണൂർ ചെറുപുഴയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂര്‍ ചെറുപുഴ വാച്ചാലില്‍ ഒരു വീട്ടില്‍ അഞ്ച് പേര്‍ മരിച്ച നിലയില്‍. ചെറുപുഴ സ്വദേശി ശ്രീജ, ശ്രീജയുടെ മക്കളായ സൂരജ, സുരഭി, സുജിത്ത് എന്നിവരും, ശ്രീജയുടെ ഭർത്താവ് പാടിക്കല്‍ സ്വദേശി ഷാജി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് ശ്രീജയും ഷാജിയും വിവാഹിതരായത്.

ബുധനാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു വീടിന്റെ വാതില്‍. വീട്ടില്‍ വാതില്‍ തുറക്കാത്തത് കണ്ടതോടെ അയല്‍വീട്ടുകാര്‍ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറിപ്പോഴാണ് അഞ്ചു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശ്രീജയും ഷാജിയും ഫാനില്‍ തൂങ്ങിയ നിലയിലും മൂന്ന് കുട്ടികളെ കോണിപ്പടിയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികളെ കൊന്ന ശേഷം ഇരുവരും തൂങ്ങി മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്താണ് ആത്മഹത്യയിലേക്ക് നയിച്ച എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.

ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട് എന്നാണ് വിവരം. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. 5 മൃതദേഹങ്ങളും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. തുടര്‍ന്ന് പോസ്റ്റമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും.

error: Content is protected !!