ഉത്തര മലബാറില്‍ ആദ്യമായി പാര്‍ക്കിന്‍സണ്‍സിന് ഡി ബി എസ് ചികിത്സ വിജയകരമായി പൂർത്തീകരിച്ച് ആസ്റ്റര്‍ മിംസ് കണ്ണൂര്‍

ഫലപ്രദമായി നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കില്ല എന്ന് നാളിതുവരെ നമ്മള്‍ കരുതിയ രോഗാവസ്ഥയായിരുന്നു പാര്‍ക്കിന്‍സണ്‍സ് രോഗം. ചെറിയ രീതിയില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് ദൈനംദിന ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന രീതിയില്‍ വിറയല്‍ വര്‍ദ്ധിച്ച്, ദുസ്സഹമായ ജീവിതം നയിക്കേണ്ടി വരുന്നതായിരുന്നു ഈ രോഗാവസ്ഥയുടെ നാളിതുവരെയുള്ള പൊതു ചിത്രം. ഈ രീതിക്ക് മാറ്റമേകിക്കൊണ്ടാണ് ഡി ബി എസ് എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ഡീപ് ബ്രെയിന്‍ സ്റ്റുമുലേഷന്‍ എന്ന നൂതന ചികിത്സ അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ മികച്ച രീതിയില്‍ ഡി ബി എസ് നിര്‍വ്വഹിക്കാനുള്ള സംവിധാനം ഉത്തര മലബാറില്‍ ഇതുവരെ ലഭ്യമായിരുന്നില്ല. ഇതിന് പരിഹാരമായിക്കൊണ്ടാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഡി ബി എസ് ആരംഭിച്ചിരിക്കുന്നത്. ഇടവരമ്പ് സ്വദേശിനിയായ 55 വയസുകാരിയിലാണ് ഡി ബി എസ് ചികിത്സ വിജയകരമായി പൂർത്തീകരിച്ചത്.

തലച്ചോറിനകത്തെ ചില ഭാഗങ്ങളിലെ നാഡീകോശങ്ങള്‍ക്ക് സംഭവിക്കുന്ന തകരാറുകളാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിലേക്ക് നയിക്കുന്നത്. തകരാര്‍ സംഭവിച്ച നാഡീകോശങ്ങളെ ഉത്തേജിപ്പിച്ച് കഴിഞ്ഞാല്‍ അവയുടെ ധര്‍മ്മം പുനസ്ഥാപിക്കാന്‍ സാധിക്കും എന്ന യാഥാര്‍ത്ഥ്യത്തില്‍ കേന്ദ്രീകരിച്ചാണ് ഡി ബി എസ് പ്രവര്‍ത്തികുന്നത്. തലച്ചോറിനകത്ത് രോഗബാധിതമായ പ്രദേശത്തേക്ക് ഒരു ഇലക്ട്രോഡിനെ ശസ്ത്രക്രിയയിലൂടെ സന്നിവേശിപ്പിക്കുകയും രോഗബാധിതമായ മേഖലയെ ഇത് വഴി ഉത്തേജിപ്പിക്കുകയും അതിലൂടെ രോഗത്തെ നിയന്ത്രണ വിധേയമാക്കുകയോ രോഗലക്ഷണങ്ങളെ പരിമിതപ്പെടുത്തി ദൈനംദിന ജീവിതത്തെ ആയാസരഹിതമാക്കുകയോ ചെയ്യുന്നു.

ഈ ഇലക്ട്രോഡിനെ ഒരു വയര്‍ വഴി നെഞ്ചില്‍ സ്ഥാപിച്ചിരിക്കുന്ന പള്‍സ് ജനറേറ്റര്‍ എന്ന ചെറിയ ഉപകരണവുമായി ബന്ധിപ്പിച്ചിരിക്കും. ശസ്ത്രക്രിയ വഴിയാണ് ഇത് സ്ഥാപിക്കുന്നത്. തുടര്‍ന്ന് ഉപകരണം ആക്ടിവേറ്റ് ചെയ്യും. ഇങ്ങനെ ചെയ്ത് കഴിഞ്ഞാല്‍ ഇലക്ട്രിക്കല്‍ പള്‍സുകള്‍ തലച്ചോറിന്റെ നിശ്ചിത ഭാഗങ്ങളിലേക്ക് തുടര്‍ച്ചയായി നിശ്ചിത അളവില്‍ എത്തിച്ചേരുകയും അത് രോഗബാധിതമായ മേഖലയെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുകയും രോഗലക്ഷണങ്ങള്‍ നിയന്ത്രണ വിധേയമാവുകയും ചെയ്യും.

എല്ലാ പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കും ഡി ബി എസ് ഫലപ്രദമായി എന്ന് വരില്ല. അതുകൊണ്ട് തന്നെ പാര്‍ക്കിന്‍സണ്‍സ് ചികിത്സയില്‍ വൈദഗ്ദ്ധ്യം നേടിയ ഡോക്ടറുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തുകയും രോഗി ഡി ബി എസിന് വിധേയനാകുവാന്‍ സാധിക്കുന്ന വ്യക്തിയാണ് എന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ മാത്രമേ ഡി ബി എസ് നിര്‍വ്വഹിക്കുകയുള്ളൂ. രോഗിയുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തെ നല്ല രീതിയിലേക്ക് തിരികെ എത്തിക്കുവാനുള്ള ഏറ്റവും മികച്ച ഉപാധി എന്നതാണ് ഡി ബി എസിന്റെ പ്രധാന നേട്ടം. പത്രസമ്മേളനത്തിൽ ന്യൂറോളജി, ന്യൂറോ സർജറി,അനസ്തീഷ്യയോളജി,ക്രിട്ടിക്കൽകെയർ വിഭാഗത്തിലെ ഡോക്ടർമാരായ സൗമ്യ സി വി, ശ്രീജിത്ത്‌ പിടിയേക്കൽ, നിബു വർഗീസ്, ചന്ദു, രമേഷ് സി വി, മഹേഷ്‌ ഭട്ട്, ഷമീജ് മുഹമ്മദ്‌, സുപ്രിയ കുമാരി എം സി എന്നിവർ പങ്കെടുത്തു.

error: Content is protected !!