സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: പ്രധാന സാക്ഷി മൊഴി മാറ്റി

സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ച കേസില്‍ വീണ്ടും വഴിത്തിരിവ്. കത്തിച്ചത് സഹോദരനെന്ന് മൊഴി നൽകിയാൾ മൊഴി മാറ്റി. കോടതിയിൽ നൽകിയ രഹസ്യമൊഴിയിലാണ് കുണ്ടമൺകടവ് സ്വദേശി പ്രശാന്ത് മൊഴി തിരുത്തിയത്. തീ പിടുത്തത്തെക്കുറിച്ച് അറിയില്ലന്നാണ് പുതിയ മൊഴി.

സഹോദരൻ പ്രകാശും സുഹൃത്തുക്കളുമാണ് കത്തിച്ചതെന്നായിരുന്നു ആദ്യ മൊഴി. മരിക്കുന്നതിന് മുന്‍പ് പ്രകാശ് തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും പ്രശാന്ത് വ്യക്തമാക്കിയിരുന്നു.

ക്രൈംബ്രാഞ്ച് സംഘം തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിച്ച മൊഴിയായിരുന്നു എന്നാണ് പ്രശാന്ത് പറയുന്നത്. എന്നാല്‍ പ്രശാന്ത് മൊഴി മാറ്റിയാലും തെളിവുകള്‍ കൈവശമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

സംഭവം നടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. ആശ്രമം കത്തിച്ച കേസില്‍ ഈയടുത്ത് ആത്മഹത്യചെയ്ത തന്റെ സഹോദരന്‍ പ്രകാശിന് പങ്കുണ്ടെന്ന് പറഞ്ഞ് പ്രശാന്ത് രംഗത്തെത്തുകയായിരുന്നു. പ്രകാശും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശ്രമത്തിന് തീയിട്ടതെന്നും പ്രശാന്ത് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

പ്രശാന്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തുകയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു സഹോദരന്റെ വെളിപ്പെടുത്തല്‍.

2018 ഒക്ടോബര്‍ 27നായിരുന്നു തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സഹോദരന്‍ ആശ്രമം കത്തിച്ച വിവരം തന്നോട് പറഞ്ഞിരുന്നതെന്നും കൂട്ടുകാരനെ അറസ്റ്റ് ചെയ്തതോടെ പ്രകാശ് അസ്വസ്ഥനായിരുന്നുന്നുവെന്നും ഇതിന് ശേഷമാണ് തന്നോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നും പശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

error: Content is protected !!