‘മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്താന്‍ മരം മുറിക്കാൻ അനുമതി വേണം: തമിഴ്‌നാട് സുപ്രീം കോടതിയിൽ

മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാനുള്ള അനുമതി പുനഃസ്ഥാപിക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപെട്ടാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ജോ ജോസഫ് നൽകിയ ഹർജിയിലാണ് തമിഴ്‌നാട് അപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് എം ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ച് അപേക്ഷ പരിഗണിക്കും.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി ബേബി ഡാം ബലപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ കൂടുതൽ ബോട്ടുകൾക്ക് പെരിയാർ തടാകത്തിൽ സർവ്വീസിന് അനുമതി വേണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വള്ളക്കടവിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള റോഡിന്റെ അറ്റകുറ്റ പണി പൂർത്തിയാക്കാൻ നിർദേശിക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അണക്കെട്ട് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട മരംമുറി ഉത്തരവിന് നന്ദി അറിയിച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേരളത്തിന് പത്രക്കുറിപ്പ് പുറത്തിറക്കിയതോടെയായിരുന്നു മരംമുറി വിഷയം പുറത്തുവന്നത്. വനം വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബെന്നിച്ചൻ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പിന്നീട് മന്ത്രി വിശദീകരണം നൽകുകയും ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു.

എന്നാൽ മരം മുറിക്കാൻ അനുമതി നൽകുന്നതിന് മുമ്പ് കേരളവും തമിഴ്‌നാടും നടത്തിയ സംയുക്ത പരിശോധനയുടെ തെളിവുകളടക്കം പിന്നീട് പുറത്തുവന്നിരുന്നു. മേൽനോട്ട സമിതി അധ്യക്ഷൻ സംസ്ഥാന ജല വിഭവ സെക്രട്ടറിക്ക് നൽകിയ കത്തിലൂടെയായിരുന്നു വിവരങ്ങൾ പുറത്തുവന്നത്. എത്ര മരങ്ങൾ മുറിക്കണമെന്ന് പരിശോധിക്കുകയും 15 മരങ്ങൾ മുറിക്കാമെന്ന് കണ്ടെത്തിയിരുന്നുവെന്നും തെളിയിക്കുന്നതായിരുന്നു കത്ത്.

 

error: Content is protected !!