നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നല്‍കി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍  ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നല്‍കി ക്രൈംബ്രാഞ്ച്. ഉഅന്വേഷണ ഉദ്യോഗസ്ഥനാണ് വിചാരണക്കോടതിയിൽ അൽപസമയം മുമ്പ് ഹർജി നൽകിയത്. തെളിവുകൾ നശിപ്പിക്കുകയും കേസിനെ സ്വാധീനിക്കുകയും ചെയ്തെന്ന് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം. കേസിനെ സ്വാധീനിക്കരുതെന്ന വ്യവസ്ഥയോടെയാണ് 2017ൽ ഹൈക്കോടതി ജാമ്യം നൽകിയത്. ഈ വ്യവസ്ഥയില്‍ ലംഘനമുണ്ടായെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

അതിനിടെ, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് കൊച്ചിയിലെ വിചാരണക്കോടതി മുമ്പാകെ ഹാജരായി. കോടതി നടപടികളുടെ ചില രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നത് സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗം നൽകിയ ഹർജിയിലായിരുന്നു നിർദേശം. എന്നാല്‍, കേസില്‍ മൊഴി നൽകാൻ സൈബർ ഹാക്കർ സായ് ശങ്കർ ഇന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകില്ല. മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സായ് ശങ്കർ പ്രത്യേക അന്വേഷണ സംഘത്തിത്തിനോട് ആവശ്യപെട്ടു. ദിലീപിന്‍റെ ഫോണിലെ രേഖകൾ താൻ നശിപ്പിച്ചതായി സായ് ശങ്കർ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനായിരുന്നു വീണ്ടും മൊഴിയെടുക്കുന്നത്.

അതേസമയം, വധഗൂഢാലോചനാക്കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. രാമൻപിളള അസോസിയേറ്റ്സിനാണ് നോട്ടീസ് നൽകിയത്. സൈബർ ഹാക്കർ സായ് ശങ്കറിന്റെ പക്കൽ നിന്ന് വാങ്ങിവെച്ച ഡിജിറ്റൽ ഗാഡ്ജറ്റുകൾ അടക്കമുളളവ ഉടൻ ഹാജരാക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലാപ് ടോപ് അടക്കം അഞ്ച് വസ്തുക്കൾ  ദിലീപിന്റെ അഭിഭാഷകർ തന്റെ പക്കൽ നിന്ന് വാങ്ങിയെന്നാണ് സായി ശങ്കറിന്റെ മൊഴി. ഇത് അടിയന്തരമായി ഹാജരാക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ നിർദേശം.

സീനിയർ അഭിഭാഷകനായ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, അ‍ഡ്വ സുജേഷ് മേനോൻ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ദിലീപിന്‍റെ ഫോണിലെ സുപ്രധാന തെളിവ് രേഖകൾ നശിപ്പിക്കാൻ കൂട്ടുനിന്നെന്നാണ് ആരോപണം. ഇവർ പറഞ്ഞിട്ടാണ് ദിലീപിന്‍റെ ഫോണിലെ ചിത്രങ്ങളും രേഖകളും മായിച്ചതെന്നാണ് അറസ്റ്റിലായ സൈബർ ഹാക്കർ സായ് ശങ്കർ മൊഴി നൽകിയിരിക്കുന്നത്. കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്‍റെ അഭിഭാഷകർക്ക് കേരള ബാർ കൗൺസിലും നോട്ടീസ് നൽകിയിട്ടുണ്ട്. അതിജീവിത നൽകിയ പരാതിയിലാണ് നടപടി. സീനിയർ അഭിഭാഷകനായ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, സുജേഷ് മോനോൻ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. നടിയുടെ ആരോപണത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. വിചാരണ നടക്കുന്ന കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്.

നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു; ദിലീപ് കൂടെയുണ്ടായിരുന്നെന്നും ഹാക്കർ സായ് ശങ്കർ 

ദിലീപുമായി  തനിക്ക്  നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്ന് ഹാക്കർ സായ് ശങ്കർ. ഫോണിൽ നിന്ന് നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു. രേഖകൾ നശിപ്പിക്കുമ്പോൾ ദിലീപ് കൂടെയുണ്ടായിരുന്നു. ദിലീപിന്റെ ഫോണുകൾ പരിശോധിച്ചത് താനാണ്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിച്ചിട്ടില്ലെന്നും സായിശങ്കർ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞിരുന്നു.

ദിലീപിന്റെ ഫോൺരേഖ നശിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകിയത്. നശിപ്പിച്ചുകളഞ്ഞതിൽ കോടതി രേഖകളുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ രേഖകളാണ് നശിപ്പിച്ചത്. വാട്സാപ്പിൽ ഉണ്ടായിരുന്നത് കോടതി രേഖകളാണ്. വാട്സാപ്പിലേക്ക് ഫോർവേഡ് ചെയ്ത് വന്നതാണിവ. നടിയുടെ സ്റ്റേറ്റ്മെന്റുകളായിരുന്നു പലതും. കോടതിയിൽ നിന്ന് കിട്ടുന്ന രേഖകളല്ല എന്ന് തന്നോട് പറഞ്ഞിരുന്നു. ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം നശിപ്പിക്കാൻ പറഞ്ഞു.

ഫോണിൽ പൾസർ സുനിയുടെ ചിത്രങ്ങളുണ്ടായിരുന്നില്ല. 2019, 2020 കാലത്തെ ചിത്രങ്ങളാണ് ഫോണിൽ അധികവും ഉണ്ടായിരുന്നത്. കുടുംബചിത്രങ്ങളാണ് കൂടുതൽ ഉണ്ടായിരുന്നത്. അന്വേഷണ ഉദ്യോ​ഗസ്ഥരുടെ ഫോൺവിളി വിവരങ്ങളും ഉണ്ടായിരുന്നു. അഭിഭാഷകരുടെ പെൻഡ്രൈവിലാണ് വിവരങ്ങൾ ഉണ്ടായിരുന്നത്. കേസിന്റെ വിവരങ്ങളാണെന്ന് മനസിലായപ്പോൾ താൻ ചോദിച്ചു. സംരക്ഷിച്ചുകൊള്ളാമെന്ന് അഭിഭാഷകർ ഉറപ്പ് നൽകി. അന്വേഷണം വന്നപ്പോൾ മാറിനിൽക്കാൻ സഹായിച്ചതും ദിലീപിന്റെ അഭിഭാഷകരാണ് എന്നും സായിശങ്കർ പറയുന്നു.

error: Content is protected !!