പി സി ജോർജ് രാഷ്ട്രീയത്തിലെ ആഭാസനെന്ന് സി.വി ബാലകൃഷ്ണൻ

പിസി ജോർജ് രാഷ്ട്രീയത്തിലെ ആഭാസനെന്ന് സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍. കണ്ണൂരില്‍ രണ്ടാമത് അശ്രഫ് ആഡൂർ കഥാപുരസ്കാരം നൽകുന്ന ചടങ്ങിലാണ് സി വി ബാലകൃഷ്ണൻ പി സി ജോർജിനെ രൂക്ഷമായി വിമർശിച്ചത്.

മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് അവഗണിച്ചതാണ് കേരളം പ്രളയത്തിന്റെ നാടായി മാറാൻ കാരണമായത്. മതക്കാരും ഗാഡ്ഗിലിനെതിരെ തിരിഞ്ഞപ്പോൾ വോട്ട് ബാങ്ക് ലക്ഷ്യമാക്കി എല്ലാ രാഷ്ട്രീയക്കാരും ഗാഡ്ഗിലിനെതിരായി. ആരും പ്രകൃതിയെ ഓർത്തില്ല. ഗാഡ്ഗിലിനെതിരെ പി സി ജോർജ്ജ് നടത്തിയ പരാമർശം ആഭാസമാണ്. പിസി ജോർജ് രാഷ്ട്രീയത്തിലെ ആഭാസൻ ആണെന്നും സി വി ബാലകൃഷ്ണൻ പറഞ്ഞു.

കഥാകൃത്ത് നജീം കൊച്ചുകലുങ്ക് പുരസ്ക്കാരം ഏറ്റുവാങ്ങി. പ്രകൃതി ഇതിവൃത്തമാകുന്ന ”കാട് ” എന്ന കഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്. സിനിമാതാരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി പങ്കെടുത്തു. മാധ്യമം ദിനപത്രത്തിന്റെ സൗദി ലേഖകനാണ് നജിം കൊച്ചുകലുങ്ക്.

‘കുറും കഥകളുടെ രാജകുമാരൻ’ എന്ന പേരിലറിയപ്പെട്ട കണ്ണൂരിലെ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്ന അശ്രഫ് ആഡൂരിൻ്റെ സ്മരണാർഥം സൗഹൃദവേദി നൽകിവരുന്ന അശ്രഫ് ആഡൂർ പുരസ്കാര വിതരണ ചടങ്ങ് സുഹൃത്തുക്കളാലും കുടുംബാംഗങ്ങളാലും സമ്പന്നമായി.

അശ്രഫ് ആഡൂർ സൗഹൃദത്തിന് ഏറ്റവും വില നൽകിയ പച്ചയായ മനുഷ്യനായിരുന്നു. അശ്രഫുമായുള്ള സൗഹൃദം ഏറ്റവും വിലപ്പെട്ടതായി താൻ കരുതുന്നു എന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

പി എസ് വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സി രഘുനാഥ് അധ്യക്ഷത വഹിച്ചു. ഈയ്യ വളപട്ടണം അനുസ്മരണ പ്രഭാഷണം നടത്തി. നാസർ കൂടാളി നന്ദി അർപ്പിച്ചു.

error: Content is protected !!