ഓപ്പറേഷന്‍ പി-ഹണ്ട്: കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച 28 പേര്‍ അറസ്റ്റില്‍

സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി പോലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 28 പേര്‍ അറസ്റ്റിലായി. ഓപ്പറേഷന്‍ പി-ഹണ്ട് 21.1 എന്ന് നാമകരണം ചെയ്ത റെയ്ഡില്‍ 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള 310 അംഗസംഘം ഞായറാഴ്ച വെളുപ്പിനാണ് റെയ്ഡ് ആരംഭിച്ചതെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.

477 കേന്ദ്രങ്ങളിലായി നടന്ന റെയ്ഡില്‍ 6 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച 28 പേര്‍ അറസ്റ്റിലായി. ഭൂരിഭാഗവും ഐടി വിദഗ്ദ്ധരായ യുവാക്കളാണ്. ഇവര്‍ക്കെതിരെ ഐടി നിയമം, പോക്സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി. ആകെ 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 429 ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

ലോക്ഡൌണ്‍ സമയത്ത് വീടുകളില്‍ ഇന്‍റര്‍നെറ്റ് ഉപയോഗം കൂടിയത് മുതലെടുത്താണ് പ്രതികള്‍ കുട്ടികളെ വലയിലാക്കുന്നത്. വാട്സപ്, ടെലഗ്രാം ഗ്രൂപ്പുകളിലാണ് കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ സജീവമായിരിക്കുന്നത്. കുറ്റകൃത്യം കണ്ടുപിടിക്കാതിരിക്കാന്‍ വീ‍ഡിയോ കണ്ട ശേഷം സോഫ്റ്റ്വെയര്‍ ഉപയോഗിച്ച്‌ ഡിലീറ്റ് ചെയ്യുന്നതും 3 ദിവസം കൂടുമ്ബോള്‍ ഫോണുകള്‍ പ്രതികള്‍ ഫോര്‍മാറ്റ് ചെയ്യുന്നതായും വ്യക്തമായി. കഴിഞ്ഞ ഡിസംബറില്‍ നടന്ന പി ഹണ്ട് റെയ്ഡില്‍ 41 പേര്‍ അറസ്റ്റിലായിരുന്നു.

error: Content is protected !!