പുതിയ ചട്ടങ്ങള്‍ പാലിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് 15 ദിവസം നല്‍കി കേന്ദ്രം

കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവരസാങ്കേതികവിദ്യാ ചട്ടം പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്  15 ദിവസങ്ങൾക്കുള്ളിൽ നൽകണമെന്ന്  ഓൺലൈൻ വാർത്താ സൈറ്റുകളോടും ഒടിടി പ്ലാറ്റ്ഫോമുകളോടും വിവര പ്രക്ഷേപണ മന്ത്രാലയം.

ചട്ടം ബുധനാഴ്ചയാണ് നിലവിൽ വന്നത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.

ഫെബ്രുവരിയില്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇത്തരം സ്ഥാപനങ്ങള്‍ ഈ സമയത്തിനുള്ളില്‍ നല്‍കണം. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള പെരുമാറ്റച്ചട്ടമാണിത്.

സാമൂഹിക മാധ്യമങ്ങള്‍, സ്ട്രീമിംഗ് കമ്പനികള്‍ എന്നിവക്ക് മേല്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് വ്യാജ വാര്‍ത്തകള്‍ തടയാനാണെന്ന് വിവര, പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. പരാതികള്‍ ഉയര്‍ന്നാല്‍ സ്ത്രീകളുടെ നഗ്ന, കൃത്രിമ ചിത്രങ്ങള്‍ 24 മണിക്കൂറിനകം നീക്കണം. ഇതുസംബന്ധിച്ച്‌ പരാതി പരിഹാര സംവിധാനമുണ്ടാകും.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ മന്ത്രി തള്ളിക്കളയുകയും ജനങ്ങള്‍ ഇക്കാര്യത്തില്‍ സന്തോഷവാന്മാരാണെന്നും പറഞ്ഞു. ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ആലോചിക്കാതെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയതെന്ന ആരോപണവും അദ്ദേഹം തള്ളി. സെന്‍സര്‍ഷിപ്പ് വര്‍ധിക്കുമെന്നും ഉപയോക്താക്കളുടെ സ്വകാര്യതക്കുള്ള അവകാശം തകര്‍ക്കുമെന്നുമാണ് പ്രധാന വിമര്‍ശനം.

error: Content is protected !!