ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പുതുപ്പള്ളിയിലാണ് ഉമ്മന്‍ ചാണ്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

ഉമ്മന്‍ ചാണ്ടിയോടൊപ്പം ഒരു സഹായി മാത്രമാണ് ഓഫീസിലേക്ക് പത്രിക സമര്‍പ്പണത്തിനായി എത്തിയത്. മൂന്ന് സെറ്റ് പത്രികകളാണ് ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പത്രിക സമര്‍പ്പണം.

രമേശ് ചെന്നിത്തല ഹരിപ്പാട് പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകരോടൊപ്പം ഹരിപ്പാട് ബ്ലോക്ക് ഓഫീസിലെത്തിയാണ് രമേശ് ചെന്നിത്തല നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. അഞ്ചാം തവണയാണ് രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും മത്സരിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് സംസ്ഥാനത്ത് അരങ്ങേറിയിരുന്നത്. പുതുപ്പള്ളി വിട്ട് ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന വാര്‍ത്തകളായിരുന്നു ആദ്യം പുറത്തു വന്നിരുന്നത്. തുടര്‍ന്ന് പുതുപ്പള്ളിയില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പിന്നീട് താന്‍ പുതുപ്പള്ളി വിട്ടു പോകില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കിയ ശേഷമാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്.

 

error: Content is protected !!