സയ്യദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന് പരാജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി -20 മത്സരത്തില്‍ കേരളത്തിന് പരാജയം. ആന്ധ്ര പ്രദേശ് കേരളത്തെ 6 വിക്കറ്റിനാണ് തോല്‍പ്പിച്ചത്. കേരളം ഉയര്‍ത്തിയ 112 റണ്‍സ് ആന്ധ്ര 17 പന്ത് ബാക്കി നില്‍ക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അശ്വിന്‍ ഹെബ്ബാര്‍ (46 പന്തില്‍ 48), അംബാട്ടി റായിഡു (പുറത്താകാതെ 27 പന്തില്‍ 38) എന്നിവരാണ് ആന്ധ്രയുടെ വിജയ ശില്‍പ്പികള്‍.

ആദ്യ മൂന്ന് മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനം നടത്തിയ കേരളാ ബാറ്റ്സ്മാന്മാർക്ക് നാലാം മത്സരത്തിൽ പിഴച്ചു. ആന്ധ്രയ്ക്കെതിരെ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 112 റൺസ് മാത്രമാണ് കേരളത്തിന് നേടാനായത്. റോബിൻ ഉത്തപ്പയും, മൊഹമ്മദ് അസറുദ്ദീനും, സഞ്ജു സാംസണുമെല്ലാം നിരാശപ്പെടുത്തിയ മത്സരത്തിൽ പിടിച്ചു നിന്നത് 51 റൺസെടുത്ത് പുറത്താകാതെ നിന്ന സച്ചിൻ ബേബി മാത്രം.

ടോസ് നേടിയ ആന്ധ്ര കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അഞ്ചാം ഓവറിൽ ടീമിന് ആദ്യ വിക്കറ്റ് നഷ്ടമായി. 12 റൺസെടുത്ത മൊഹമ്മദ് അസറുദ്ദീൻ പുറത്ത്. പിന്നാലെ 17 പന്തിൽ 8 റൺസെടുത്ത റോബിൻ ഉത്തപ്പയും, 14 പന്തിൽ 7 റൺസ് മാത്രം നേടിയ സഞ്ജു സാംസണും, 9 പന്തിൽ 4 റൺസെടുത്ത വിഷ്ണു വിനോദും പുറത്തായി‌. ഇതോടെ കേരളം‌ 38/4 എന്ന നിലയിലായി.

അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന സച്ചിൻ ബേബിയും, ജലജ് സക്സേനയുമാണ് ടീമിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.‌ സച്ചിൻ ബേബി 34 പന്തുകളിൽ 1 ബൗണ്ടറിയും 4 സിക്സറുകളുമടക്കം 51 റൺസ് നേടിയപ്പോൾ, ജലജ് സക്സേന ഒരു ബൗണ്ടറി സഹിതം 27 റൺസ് നേടി. ഇവരുടെ ബാറ്റിംഗാണ് ടീമിനെ നിശ്ചിത 20 ഓവറുകളിൽ 112/4 എന്ന സ്കോറിലെത്തിച്ചത്.

error: Content is protected !!