37 പന്തില്‍ സെഞ്ച്വറി; വാംഖഡെയിൽ മുംബൈയെ കൊന്നു കൊലവിളിച്ച് കേരളത്തിന്റെ അസ്ഹർ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ശക്തരായ മുംബൈ ബൌളര്‍മാരെ അടിച്ചുതകര്‍ത്ത് കേരളത്തിന്‍റെ മുഹമ്മദ് അസറുദ്ദീന് സെഞ്ച്വറി. വെറും 37 പന്തുകളിലാണ് അസറുദ്ദീന്‍ സെഞ്ച്വറി തികച്ചത്. 54 പന്തിൽ പുറത്താകാതെ 137 റൺസെടുത്ത് അസ്ഹറുദ്ദീൻ ടീമിന്റെ വിജയശില്പിയാവുകയും ചെയ്തു. ഇതാദ്യമായാണ് മുഷ്താഖ് അലി ടി20യിൽ ഒരു കേരള ബാറ്റ്സ്മാൻ മൂന്നക്കം കടക്കുന്നത്.

ഓപ്പണിങ് കൂട്ടുകെട്ടില്‍ റോബിന്‍ ഉത്തപ്പക്കൊപ്പം മികച്ച കൂട്ടുകെട്ടാണ് അസറുദ്ദീന്‍ പടുത്തുയര്‍ത്തിയത്. ടീമിനെ സുരക്ഷിതമായ രീതിയില്‍ എത്തിക്കാന്‍ അസറുദ്ദീന്‍റെ മിന്നുന്ന ഇന്നിങ്സ് സഹായിച്ചു. 197 എന്ന വലിയ സ്കോര്‍ പിന്തുടര്‍ന്ന കേരളം 25 പന്ത് ശേഷിക്കെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. നേരത്തെ പുതുച്ചേരിയെ തോല്പിച്ച കേരളത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.

മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന മുംബൈ മുംബൈ നിശ്ചിത ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റിന് 196 റണ്‍സാണെടുത്തത്. ജയസ്വി ജയ്സ്വാളും ആദിത്യ താരെയുമടങ്ങുന്ന ഓപ്പണിങ് സഖ്യം അവർക്ക് മികച്ച തുടക്കമാണ് നൽകിയത്. 8.5 ഓവറിൽ 89 റൺസ് ഇവർ നേടി. പിന്നീട് ക്യാപ്ടൻ സൂര്യകുമാർ യാദവും (38) ശിവം ഡുബെയും (26) സിദ്ധേഷ് ലാഡും (21) മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നു വീതം വിക്കറ്റെടുത്ത ആസിഫും ജലജ് സക്സേനയുമൊഴിച്ചാൽ കേരളത്തിന്റെ ബൌളിങ് പരിതാപകരമായിരുന്നു. ശ്രീശാന്ത് നാല് ഓവറിൽ 47 റൺസ് വഴങ്ങി.

ദുഷ്കരമെന്ന് തോന്നിച്ച ടോട്ടലിനെതിരെ കേരളത്തിന് അത്ഭുതജയമൊരുക്കിയത് അസ്ഹറിന്റെ ഏകപക്ഷീയമായ ആക്രമണമാണ്. 20 പന്തിൽ അർധ സെഞ്ച്വറിയിലെത്തിയ താരം അവിടെ നിന്ന് നൂറിലെത്താൻ 17 പന്തേ എടുത്തുള്ളൂ. എട്ടുവീതം ബൌണ്ടറിയും സിക്സറുമടക്കമാണ് താരം സെഞ്ച്വറി പിന്നിട്ടത്. മറുവശത്ത് ഉത്തപ്പയും (33) സഞ്ജു സാംസണും മികച്ച പിന്തുണ നല്‍കി. 14-ാം ഓവറിലെ അഞ്ചാം പന്ത് സിക്സറിലെത്തിച്ച് അസ്ഹർ ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

error: Content is protected !!