റയലിന്‍റെ സ്റ്റേഡിയം പുതിയ രൂപത്തിലേക്ക്, പക്ഷേ സീറ്റുകള്‍ കുറയും !

ലോകത്തെ മനോഹര സ്റ്റേഡിയങ്ങളില്‍ ഒന്നാണ് റയലിന്‍റെ സാന്‍റിയാഗോ ബെര്‍ണാബ്യു. നിരവധി ഇതിഹാസ താരങ്ങള്‍ കഴിവുകള്‍ കൂര്‍പ്പിച്ചെടുത്ത ഇടം. ആ സ്റ്റേഡിയം മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ്. എന്നാല്‍ നിലവിലെ സീറ്റ് കപ്പാസിറ്റിയേക്കാള്‍ ഒരു സീറ്റ് കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഏകദേശം 73 വര്‍ഷത്തെ പഴക്കമുള്ള സ്റ്റേഡിയമാണ് സ്പെയിനിലെ സാന്‍റിയാഗോ ബെര്‍ണാബ്യു. ആ സ്റ്റേഡിയത്തിന്‍റെ പുതിയ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് കാണിക്കുന്ന ഒരു വീഡിയോ ക്ലബ് പുറത്തിറക്കിയിട്ടുണ്ട്. തുറന്നുവെക്കാവുന്ന മേല്‍ക്കുരയും സ്റ്റേഡിയം മുഴുവന്‍ ഉള്‍കൊളളാന്‍ കഴിയുന്ന 360 ഡിഗ്രി വീഡിയോ സ്ക്രീനും ഉള്‍കൊള്ളുന്നതാണ് പുതിയ സ്റ്റേഡിയം. കൂടാതെ കാണികള്‍ക്ക് വിനോദത്തിനും ആന്ദത്തിനുമുള്ള സ്ഥലങ്ങളും ഉണ്ട്. ഏകദേശം 500 മില്യണ്‍ യൂറോയാണ് ചെലവ് കാണുന്നത്. സ്റ്റേഡിയം ഏകദേശം 66,000 സ്ക്വയര്‍ മീറ്ററിലേക്കാണ് ഉയര്‍ത്തുന്നത്. അതില്‍ ഷോപ്പുകളും റെസ്റ്റോറന്‍റുകളും ഹോട്ടലുകളും ഉള്‍കൊള്ളുന്നുവെന്ന് ക്ലബ് പറയുന്നു. നിലവില്‍ 80,243 സീറ്റിന്‍റെ കപ്പാസിറ്റി ഉണ്ടായിരുന്ന സ്റ്റേഡിയം 80,242 ആയി ചുരുങ്ങുമെന്നും അധികൃതര്‍ പറയുന്നു. 2020 ഒക്ടോബറോടെ പണി പൂര്‍ത്തിയാക്കുമെന്നാണ് ക്ലബ് പറയുന്നത്.

error: Content is protected !!