എം.ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി

കൊച്ചി: എറണാകുളം മുന്‍ ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യത്തിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.

കൊച്ചി മെട്രോയ്ക്കായുള്ള ഭൂമി ഏറ്റെടുപ്പില്‍ ക്രമവിരുദ്ധമായി ഇടപെട്ടെന്ന കേസിലാണ് നടപടി. കരാര്‍ വ്യവസ്ഥകളില്‍ ഇളവനുവദിച്ചതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.

കൊച്ചി മെട്രൊയ്ക്കായി ഭൂമിയേറ്റെടുക്കുന്നതിന്റെ ചുമതല വഹിച്ചിരുന്ന എം. ജി രാജമാണിക്യം അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് ആരോപണം. സ്വകാര്യ സ്ഥാപനത്തിന് മാത്രമായി കരാര്‍ വ്യവസ്ഥകളില്‍ ഇളവ് അനുവതിച്ചതില്‍ അഴിമതിയുണ്ടെന്ന് കാട്ടി കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്.

സ്ഥലം വിട്ടുനല്‍കിയ മറ്റ് ഭൂഉടമകള്‍ക്ക് അനുവദിക്കാത്ത ഇളവുകള്‍ ഉള്‍പ്പെടുത്തി പ്രത്യേക കരാറുണ്ടാക്കിയതാണ് പരാതിക്ക് ആധാരം. പൊതുവില്‍ നിശ്ചയിച്ച വിലയായ സെന്റിന് 52 ലക്ഷം രൂപയ്ക്ക് പകരം 80 ലക്ഷം നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കരാറില്‍ ചേര്‍ത്തിരുന്നു. പ്രത്യേക കരാര്‍ നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ സമ്മതിച്ചാല്‍ ഭൂമിയുടെ നഷ്ടപരിഹാര ബാധ്യതയില്‍ സര്‍ക്കാര്‍ നിയമക്കുരുക്കിലാകും.

ത്വരിതാന്വേഷണത്തില്‍ അഴിമതി കണ്ടെത്തിയില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്. റിപ്പോര്‍ട്ട് തളളിയ കോടതി പുനഃപരിശോധന നിര്‍ദേശിച്ചു. ഒടുവിലാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കി സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുവാദം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് ഫെബ്രുവരി നാലാം തീയതിയിലേക്ക് മാറ്റി.

error: Content is protected !!