ഐ.എസ്.എൽ: കേരള ബ്ലാസ്‌റ്റേഴ്‌സ് തോറ്റു തുടങ്ങി

ഐ.എസ്.എൽ 2020-21 സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോൽവി. എ.ടി.കെ മോഹൻ ബഗാൻ എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പടയെ തോൽപ്പിച്ചത്. 67-ാം മിനുട്ടിൽ റോയ് കൃഷ്ണയിലൂടെയാണ് കന്നിയങ്കത്തിൽ ബഗാൻ ലക്ഷ്യം കണ്ടത്. ആദ്യപകുതിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്‌സിന് രണ്ടാം പകുതിയിലെ പ്രതിരോധപ്പിഴവാണ് വിനയായത്.

67-ാം മിനുട്ടിൽ പന്ത് ക്ലിയർ ചെയ്യുന്നതിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സെർജിയോ സിഡൊഞ്ചയും വിസന്റെ ഗോമസും തമ്മിലുണ്ടായ ആശയക്കുഴപ്പത്തിൽ പന്ത് കാൽക്കലാക്കിയ റോയ് കൃഷ്ണ കൃത്യതയോടെ ഫിനിഷ് ചെയ്യുകയായിരുന്നു. മലയാളി താരം സഹൽ അബ്ദുസ്സമദിന് ഗോൾമുഖത്ത് രണ്ട് സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

ഗോൾരഹിതമായ ആദ്യപകുതിയിൽ മത്സരത്തിന്റെ നിയന്ത്രണം ഏറെക്കുറെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാൽക്കലായിരുന്നു. പന്ത് കൈവിട്ടു കൊടുക്കാതെ മൈതാനമധ്യത്ത് കളി മെനയുകയായിരുന്നു വിക്യുനയുടെ തന്ത്രമെങ്കിൽ, മഞ്ഞപ്പട വീഴ്ച വരുത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പു കളിയാണ് അത്‌ലറ്റികോ കളിച്ചത്. പൊസഷൻ നഷ്ടപ്പെടുത്താതിരിക്കാൻ ബ്ലാസ്റ്റേഴ്‌സ് ബദ്ധശ്രദ്ധ കാണിച്ചപ്പോൾ ഗോൾകീപ്പർ അൽബിനോ ഗോമസും നീക്കങ്ങളിൽ പങ്കാളികളായി.

ആദ്യപകുതിയിലെ മികച്ച അവസരം ലഭിച്ചത് ബംഗാൾ ടീമിന്റെ സൂപ്പർ സ്‌ട്രൈക്കർ റോയ് കൃഷ്ണക്കാണ്. ബോക്‌സിനു പുറത്ത് കോസ്റ്റ നമോയ്‌നെസുവിന്റെ അശ്രദ്ധമായ പാസ് പിടിച്ചെടുത്ത് കൃഷ്ണ തൊടുത്ത ഷോട്ടിന്, ക്ലോസ്‌റേഞ്ചിൽ നിന്ന് കോസ്റ്റ തന്നെ തടയിട്ടു. കൃഷ്ണയുടെ ബോക്‌സിനു പുറത്തുനിന്നുള്ള മറ്റൊരു ഷോട്ട് ക്രോസ്ബാറിനു മുകളിലൂടെ പറന്നതും കേരള ടീമിന്റെ ഭാഗ്യമായി.

മുൻനിരയിൽ ഒത്തിണക്കമില്ലാതിരുന്നതും എതിർ ബോക്‌സിനടുത്തെത്തുമ്പോൾ നീക്കങ്ങൾക്ക് വേഗം കുറഞ്ഞതും ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾക്ഷാമത്തിന് കാരണമായി. വലതുഭാഗത്ത് വിങ് ബാക്ക് പ്രശാന്തിൽ തുടങ്ങുന്ന നീക്കങ്ങളിൽ ഭീഷണി സൃഷ്ടിക്കുന്നതിൽ ഋഥിക് ദാസ് പരാജയമായി. ഒരുഘട്ടത്തിൽ പ്രശാന്തിന്റെ കൃത്യതയുള്ളൊരു കാർപ്പറ്റ് പാസിൽ പന്ത് ഋഥിക്കിന് കിട്ടുന്നത് ഏറെ പണിപ്പെട്ടാണ് ജിങ്കൻ തടഞ്ഞത്. ജിങ്കനും ഋഥികും തമ്മിലുള്ള സംഘർഷത്തിൽ മിക്കപ്പോഴും ജയിച്ചത് മുൻ ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്ടനാണ്. മറുവശത്ത് ജസ്സൽ ഗർണീറോയുടെ ചടുലത അത്‌ലറ്റികോ ഡിഫൻസിന് തലവേദന സൃഷ്ടിച്ചെങ്കിലും ബോക്‌സ് പ്രതിരോധിക്കുന്നതിൽ അവർ വിട്ടുവീഴ്ച ചെയ്തില്ല.

കോസ്റ്റ നൊമേയ്‌നൊസുവും ബകാരി കോനെയും ചേർന്നുള്ള സെൻട്രൽ ഡിഫൻസ് മാത്രമാണ് കേരള നിരയിൽ അസാമാന്യ പ്രകടനം കാഴ്ചവെച്ചത്. നിരവധി തവണ ഇരുവരും കൊൽക്കത്തയുടെ വഴിമുടക്കി. ഹൂപ്പറിനെയും വിസന്റെ ഗോമസിനെയും പൂട്ടുന്നതിൽ ബഗാൻ വിജയിച്ചത് ബ്ലാസ്റ്റേഴ്‌സിന്റെ മൂർച്ച ഇല്ലാതാക്കി.

അര മണിക്കൂർ പിന്നിട്ട ശേഷം മികച്ചനീക്കങ്ങളിലൂടെ ബ്ലാസ്റ്റേഴ്‌സ് എതിർടീമിന്റെ ഗോൾമുഖം വരെയെത്തിയെങ്കിലും പന്ത് വലയിലാക്കാൻ ആർക്കും കഴിഞ്ഞില്ല. ബഗാന്റെ പ്രതിരോധനിരക്കാർ പൊസിഷനിങ് പാലിച്ചപ്പോൾ ലോങ് റേഞ്ചറുകൾക്കും മഞ്ഞപ്പട വല്ലാതെ മുതിർന്നില്ല.

രണ്ടാം പകുതി തുടങ്ങി മിനുട്ടുകൾക്കകം ബ്ലാസ്റ്റേഴ്‌സിന് മുന്നിലെത്താൻ സുവർണാവസരം ലഭിച്ചു. പ്രതിരോധനിരക്കു മുകളിലൂടെ തൂങ്ങിയിറങ്ങി വന്ന പന്ത് സഹലിന് കാൽപ്പാകത്തിന് കിട്ടിയെങ്കിലും ഗോളിന് തൊട്ടുമുന്നിൽ സഹലിന് കാൽ പിഴച്ചു. വായുവിൽ വോളി കണക്ട് ചെയ്യുന്നതിൽ സഹൽ പരാജയപ്പെട്ടത് അവിശ്വസനീയ കാഴ്ചയായിരുന്നു. ഗോൾ വഴങ്ങിയ ശേഷം ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോൾദാഹത്തിന് മൂർച്ച കൂടിയെങ്കിലും കളി തണുപ്പിക്കുന്ന നീക്കമാണ് കൊൽക്കത്ത ടീം പുറത്തെടുത്തത്. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ സഹലിന്റെ കാലിൽ പന്ത് കിട്ടിയെങ്കിലും ഷോട്ട പുറത്തേക്കാണ് പോയത്.

error: Content is protected !!