ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

തിരുവനന്തപുരം: ജനവാസപ്രദേശങ്ങളില്‍ നിന്നുള്ള ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു.

ജനവാസ പ്രദേശങ്ങളില്‍ നിന്ന് 200 മീറ്റര്‍ മാറി ക്വാറി വേണമെന്നായിരുന്നു ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്.

ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് 200 മീറ്ററാക്കി ഉയര്‍ത്തിയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. ക്വാറി ഉടമകള്‍ക്കനുകൂലമായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്.

ജനവാസകേന്ദ്രങ്ങളില്‍ നിന്ന് ക്വാറികളുടെ അകലം 50 മീറ്ററില്‍ നിന്ന് 200 മീറ്റര്‍ ആയി ഉയര്‍ത്തി കഴിഞ്ഞ മാസം 21-ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചത് സര്‍ക്കാറിന്‍റെ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പഠിച്ചതിന് ശേഷമാണ് ദൂരപരിധി 50 മീറ്ററാക്കിയതെന്നും ഉള്ള വാദങ്ങളാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചത്.

പാലക്കാട് ജില്ലയിലെ ഒരു പരാതി പരിഗണിച്ചു കൊണ്ടായിരുന്നു സംസ്ഥാനത്തെ ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ചു കൊണ്ട് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. ഇത് അത് ചോദ്യം ചെയ്താണ് പാറമട ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ കക്ഷികളേയും കേള്‍ക്കാതെയാണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിലേക്ക് പോയതെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ അനുവദിച്ചിരിക്കുന്നത്.

error: Content is protected !!