കൊവിഡ് ചികില്‍സ : മികച്ച നേട്ടവുമായി അഞ്ചരക്കണ്ടി ഡിസിടിസി ; രോഗമുക്തി നേടിയവര്‍ 1000 കടന്നു

കണ്ണൂർ ; കൊവിഡ് ചികില്‍സയില്‍ മികച്ച നേട്ടവുമായി അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍. പ്രത്യേക കൊവിഡ് ചികില്‍സാ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ച് അഞ്ച് മാസം പിന്നിടുമ്പോള്‍ ഇവിടെ നിന്ന് രോഗമുക്തി നേടിയ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1000 കടന്നു.
കൊവിഡ് ബാധ സംശയിച്ച് 1985 പേരാണ് ഇതിനകം ഇവിടെ ചികിത്സയ്‌ക്കെത്തിയത്. ഇതില്‍ 1327 പേര്‍ രോഗം സ്ഥിരീകരിച്ചവും 656 പേര്‍ രോഗം സംശയിക്കുന്നവരുമായിരുന്നു. 1085 പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ 1726 പേര്‍ ഇതുവരെ ഇവിടെ നിന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. അഞ്ച് മാസം പ്രായമായ കുട്ടി മുതല്‍ 96 വയസ്സുള്ള മുത്തശ്ശി വരെ ഇക്കൂട്ടത്തിലുണ്ട്.
നോഡല്‍ ഓഫീസര്‍ ഡോ. സി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സംഘമാണ് ചികില്‍സയ്ക്ക് നേതൃത്വം നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 150 പേര്‍ അടങ്ങിയ ആരോഗ്യപ്രവര്‍ത്തകരുടെ സംഘമാണ് ഓരോ ബാച്ചിലും സേവനം ചെയ്യുന്നത്. ഇതിനകം 12 ബാച്ചുകള്‍ ഇവിടെ സേവനം പൂര്‍ത്തിയാക്കി.
ജില്ലയിലും സമീപ ജില്ലകളിലും കൊവിഡ് ബാധിതരുടെയും വൈറസ് ബാധ സംശയിക്കുന്നവരുടെയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ദുരന്തനിവാരണ നിയമപ്രകാരം മാര്‍ച്ച് 24 ന് പ്രത്യേക കൊവിഡ് ആശുപത്രിയായി അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ജില്ലാ കലക്ടര്‍ ഏറ്റെടുത്തത്.
ഒന്‍പത് വെന്റിലേറ്ററുകളും 30 ഐസിയു ബെഡുകളും ഉള്‍പ്പെടെ കൊവിഡ് ചികില്‍സയ്ക്കാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ജനറല്‍ വാര്‍ഡില്‍ 225 കിടക്കകള്‍ ഉള്‍പ്പെടെ 500 പേരെ ഉള്‍ക്കൊള്ളാന്‍ ആശുപത്രിക്ക് കഴിയും.
error: Content is protected !!