ആരോഗ്യരംഗത്ത് കേരളത്തിന് വീണ്ടും നേട്ടം :103 വയസുകാരന് കോവിഡ് മുക്തി നേടി ആശുപത്രി വിട്ടു

കൊച്ചി : കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി നേടി ആശുപത്രി വിട്ടു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടിൽ പരീദ് ആണ് തന്റെ 103 ആം വയസിൽ കോവിഡ് മുക്തനായത്.

പ്രായമായവരിൽ വളരെയധികം ഗുരുതരമാവാൻ സാധ്യത കൂടുതലുള്ള കോവിഡ് 19 ഇൽ നിന്നും പരീദിന്റെ രോഗ മുക്തി കളമശ്ശേരി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരുടെ ചികിത്സ മികവിന്റെ നേട്ടമാണ്. എറണാകുളം ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രം എന്ന നിലയിൽ കഴിഞ്ഞ ആറ് മാസമായിമികച്ച പ്രവർത്തനമാണ് കളമശ്ശേരി മെഡിക്കൽ കോളേജ് കാഴ്ചവെച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു .ആയിരത്തിലേറെ രോഗികൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് രോഗമുക്തി നേടി.

ജൂലൈ 28 ന് ശക്തമായ പനിയും ശരീര വേദനയും മൂലമാണ് പരീദ് കോവിഡ് പരിശോധനക്ക് വിധേയനായത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗുരുതര ലക്ഷണങ്ങൾ ഇല്ലെങ്കിലും ഉയർന്ന പ്രായം പരിഗണിച്ചു പ്രത്യേക മെഡിക്കൽ സംഘമാണ് പരീദിന് ചികിത്സ ഉറപ്പാക്കിയത്. രോഗം സ്ഥിരീകരിച്ചു 20 ദിവസം കൊണ്ട് തന്നെ പരീദ് രോഗമുക്തനായി. കളമശ്ശേരി മെഡിക്കൽ കോളേജ് ജീവനക്കാർ പരീദിനെ പൊന്നാടയും പുഷ്പങ്ങളും നൽകി യാത്രയാക്കി. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിൽ 105 വയസുകാരി അസ്മ ബീവിയേയും നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു.

error: Content is protected !!