പൂന്തുറയില്‍ പ്രതിഷേധം: വിലക്ക് ലംഘിച്ച്‌ ജനം തെരുവില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ പൂന്തുറയില്‍ നാട്ടുകാരുടെ പ്രതിഷേധം. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് വലിയ ജനക്കൂട്ടം വിലക്ക് ലംഘിച്ച്‌ സംഘടിച്ചെത്തിയത്. പ്രദേശത്തെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ ജനക്കൂട്ടം തടയുകയും ചെയ്തു. കൊവിഡ് പടരുന്നു എന്നത് വ്യാജ പ്രചരണമെന്നാണും ജനങ്ങള്‍ ആരോപിച്ചു.

പൂന്തുറ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാര്‍ഡില്‍ മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അവശ്യ സാധനങ്ങള്‍ പോലും കിട്ടാനില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. തൊട്ടടുത്ത പ്രദേശത്തെ കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ പോലും പോലിസ് അനുമതി നല്‍കുന്നില്ലെന്നാണ് പരാതി. ഇതാണ് വാക്കേറ്റത്തിനും പോലിസിനെതിരായ പ്രതിഷേധങ്ങള്‍ക്കും എല്ലാം കാരണമായത്.

അടുത്തടുത്ത് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശമേഖലയാണ്. അതുകൊണ്ട് രോഗവ്യാപന സാധ്യത വളരെ കൂടുതലാണെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും വിലയിരുത്തുന്നത്. ലോക്ക് ഡൗണുമായി സഹകരിക്കണമെന്ന് പോലിസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. കൊവിഡ് രൂക്ഷമായിട്ടുള്ള പൂന്തുറയില്‍ സ്ഥിതി ആശങ്കാജനകമാണ്. സൂപ്പര്‍ സ്പ്രഡിനുളള സാധ്യത ഇവിടെയുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇതോടെയാണ് പൂന്തുറയില്‍ ജാഗ്രത കടുപ്പിച്ചത്. നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കമാന്‍ഡോകളടക്കം 500 പോലിസുകാരെ നിയോഗിച്ചു. മത്സ്യ ബന്ധന ബോട്ടുകള്‍ തമിഴ്‌നാട് പ്രദേശത്തേക്ക് പോകുന്നതും വരുന്നതും നിരോധിച്ചിട്ടുണ്ട്.

error: Content is protected !!