പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്ക് സുപ്രീം കോടതി സ്റ്റേ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ രഥയാത്ര സുപ്രീം കോടതി തടഞ്ഞു. ജൂണ്‍ 23 നാണ് ഈ വര്‍ഷത്തെ രഥയാത്ര നടക്കേണ്ടത്.

രഥയാത്ര അനുവദിച്ചാല്‍ ജഗന്നാഥന്‍ ക്ഷമിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അഭിപ്രായപ്പെട്ടു. ഒഡീഷ വികാസ് പരിഷത്ത് എന്ന എന്‍ ജി ഒ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

രഥയാത്രയില്‍ രഥം വലിക്കുന്നത് പ്രധാനപ്പെട്ട ചടങ്ങാണ്. ഇതിനിടെ സാമൂഹിക അകലം പാലിക്കുന്നത് ബുദ്ധിമുട്ടാണെന്നും ഇത് കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി. പൊതുജനാരോഗ്യത്തിനും പൗരന്മാരുടെ സുരക്ഷക്കും വേണ്ടി രഥയാത്രയും അനുബന്ധപ്രവര്‍ത്തനങ്ങളും നടത്തുന്നതില്‍ നിന്ന് സംസ്ഥാനത്തെ തടയുന്നുവെന്നാണ് കോടതി വ്യക്തമാക്കിയത്. രഥയാത്രയോട് അനുബന്ധിച്ച്‌ 20 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണുള്ളത്.

അതേസമയം പൊതുജനങ്ങള്‍ ഒത്തുചേരാതെ ആചാരാനുഷ്ഠാനങ്ങള്‍ അനുവദിച്ചുകൊണ്ട് കുറച്ച്‌ ഇളവ് അനുവദിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചാല്‍ ഒത്തുചേരല്‍ നടക്കുമെന്ന് ഞങ്ങള്‍ക്ക് വ്യക്തമായിട്ടറിയാമെന്നും ജഗന്നാഥന്‍ ഞങ്ങളോട് ക്ഷമിക്കുമെന്നും ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.

പുരി രഥയാത്രയുടെ ഭാഗമായി ഒഡീഷയുടെ മറ്റ് ഭാഗങ്ങളില്‍ നടക്കുന്ന രഥയാത്രകളും തടയാന്‍ സുപ്രീം കോടതി ഒഡീഷ സര്‍ക്കാറിനോട് നിര്‍ദേശിച്ചു. കൊവിഡ് പകര്‍ച്ചവ്യാധി കണക്കിലെടുത്ത് മാര്‍ച്ച്‌ 22 മുതല്‍ പുരിയിലെ ജഗന്നാഥ ക്ഷേത്രം ഉള്‍പ്പെടെ എല്ലാ ക്ഷേത്രങ്ങളും ഭക്തരുടെ പ്രവേശനം തടഞ്ഞിരുന്നു.

error: Content is protected !!