ആരോഗ്യ പ്രവർത്തകർക്ക് പുതുക്കിയ പ്രോട്ടോകോള്‍

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ അവരുടെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം വെച്ചാണ് ആരോഗ്യവകുപ്പ് പുതിയ പ്രോട്ടോകോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. കണ്ടെയ്‍ന്‍‍മെന്‍റ് സോണിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഓഫീസുകളില്‍ ഹാജരാകരുതെന്നും രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ പോകണമെന്നും ഉത്തരവില്‍ പറയുന്നു. പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്കെതിരെ വകുപ്പ് തല നടപടി എടുക്കാനും ഉത്തരവില്‍ അനുമതി നല്‍കുന്നു.

ഹോട്ട് സ്പോട്ട്, കണ്ടെയ്‍ന്‍‍മെന്‍റ് സോണ്‍ എന്നിവിടങ്ങളിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ജോലിയില്‍ ഹാജരാകരുത്. അവശ്യ സര്‍വീസിന് എത്തേണ്ടവരാണെങ്കില്‍ ജീവനക്കാര്‍ക്ക് താമസസൌകര്യം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കണമെന്നും ഡിഎംഒ മാര്‍ക്ക് അയച്ച ഉത്തരവില്‍ പറയുന്നു.
രോഗികളുമായി സമ്പര്‍ക്കത്തിലുണ്ടായവര്‍ നിര്‍ബന്ധമായും ക്വാറന്‍റൈനില്‍ പോകണം. എവിടെ നിന്ന് രോഗം പിടിപെട്ടെന്ന് നിര്‍ണയിക്കാനാവാത്ത രോഗിയുമായി സമ്പര്‍ക്കമുണ്ടായ ജീവനക്കാര്‍ സംശയത്തിന് ഇടനല്‍കാതെ നിരീക്ഷണത്തില്‍ പോകണമെന്നാണ് ഉത്തരവ്.

സമ്പര്‍ക്കവിലക്കില്‍ പോകുന്നവരുടെ വിവരങ്ങള്‍ സ്ഥാപനങ്ങള്‍ സൂക്ഷിക്കണം. ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിര്‍ദിഷ്ട നിയമനടപടികള്‍ കൂടാതെ വകുപ്പുതല നടപടികളും സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ആശുപത്രികളില്‍ സന്ദര്‍ശകരെ കര്‍ശനമായി നിയന്ത്രിക്കണം. സംസ്ഥാനത്ത് ഇതിനകം 24 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് എട്ട് നിര്‍ദേശങ്ങള്‍ അടങ്ങുന്ന പുതിയ ഉത്തരവ് സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയത്. ലോക്ഡൌണ്‍ ഇളവുകള്‍ വന്നതോടെ ആശുപത്രികളില്‍ സന്ദര്‍ശകര്‍ എത്താനുള്ള സാധ്യതയുണ്ട്. ഒപ്പം ഉറവിടം കണ്ടെത്താനാവാത്ത കോവിഡ് കേസുകളും ഉണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് രോഗവ്യാപനം തടയാന്‍ കര്‍ശന പ്രോട്ടോകോള്‍ നല്‍കിയിരിക്കുന്നത്.

error: Content is protected !!