സിഡ്കോ പാര്‍ക്കുകളിലെ സംരംഭകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി രൂപീകരിക്കും: മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലെ കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിന്(സിഡ്കോ) കീഴിലെ വ്യവസായ പാര്‍ക്കുകളില്‍ നിക്ഷേപം നടത്തിയ സംരംഭകരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ചെറുകിട വ്യവസായികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഡവലപ്പ്‌മെന്റ് ഏരിയ, ഡവലപ്പ്മെന്റ് പ്ലോട്ടുകളില്‍ സംരംഭകര്‍ക്ക് അനുവദിക്കുന്ന ഭൂമിയുടെ പൂര്‍ണ്ണ അവകാശത്ത സംബന്ധിച്ച നയരൂപീകരണത്തിന് റവന്യൂ, നിയമ, തദ്ദേശസ്വയംഭരണ വകുപ്പുകളുമായി വ്യവസായവകുപ്പ് കൂടിയാലോചിക്കും. കഴിഞ്ഞ കാലങ്ങളില്‍ വലിയ അഴിമതിയാണ് സിഡ്‌കോയില്‍ ഉണ്ടായത്. കെടുകാര്യസ്ഥത സിഡ്‌കോയെ നശിപ്പിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ അതിന് ഉദ്യോഗസ്ഥര്‍ക്ക് വളം വെച്ചുകൊടുത്തു. ഈ സര്‍ക്കാര്‍ സ്ഥാപനത്തെ തിരിച്ചുകൊണ്ടുവരികയാണ്. അതിന് സംരംഭകരുടെ പൂര്‍ണ സഹകരണം ആവശ്യമാണ്, മന്ത്രി വ്യക്തമാക്കി.

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കാണ് കേരളത്തില്‍ സാധ്യത കൂടുതല്‍. നിരവധി തൊഴിലവസരങ്ങളും ഈ മേഖലയില്‍ ഉണ്ടാക്കാനാകും. ഈ രംഗത്തെ ശക്തിപ്പെടുത്താനാണ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതും പുതിയ നിയമം കൊണ്ടുവന്ന് നടപ്പാക്കിയതും. അത് വലിയ വിജയമായി. നിരവധി ആളുകള്‍ എംഎസ്എംഇ മേഖലയില്‍ നിക്ഷേപം നടത്തി. സംസ്ഥാനം ഇപ്പോള്‍ നിക്ഷേപസൗഹൃദമാണ്. അനാവശ്യസമരങ്ങളും ലോക്കൗട്ടുകളും ഇല്ല.

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ വിപണിയില്‍ വലിയ തകര്‍ച്ച നേരിട്ടു. ഇതില്‍ നിന്നും സംരംഭകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ 3434 കോടിയുടെ വ്യവസായ ഭദ്രതാ പാക്കേജ് പ്രഖ്യാപിച്ചു. കേരളാ ബാങ്ക് മുഖേന നബാര്‍ഡിന്റെ 225 കോടി ചെറുകിട സംരംഭങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. വ്യവസായ രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ ഉപകാരമുള്ളതാണെന്നും വ്യവസായ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നും വ്യവസായികള്‍ പ്രതികരിച്ചു.

error: Content is protected !!