സമൂഹവ്യാപന സാധ്യത കൂടുന്നു: ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുതെന്ന് ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ഐഎംഎ. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു. സമൂഹവ്യാപനത്തിന്റെ സൂചനയാണിതെന്നും ഐഎംഎ അറിയിച്ചു. മാളുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കണമെന്നും ആളുകള്‍ കൂട്ടം കൂടുന്ന ഇടങ്ങള്‍ തുറക്കാന്‍ പാടില്ലെന്നും ഐഎംഎ വ്യക്തമാക്കി.

ആരാധനാലയങ്ങളും മാളുകളും പോലെ ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഇപ്പോള്‍ തുറക്കരുത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുത്. അത്തരമൊരു സാഹചര്യം വന്നാല്‍ നമ്മുടെ ആരോഗ്യ സംവിധാനം അതീവ സമ്മര്‍ദ്ദത്തില്‍ ആവുകയും നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യും. മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായത് പോലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയും. ആരോഗ്യ പ്രവര്‍ത്തകരും ഭരണ സംവിധാനങ്ങളും പകച്ചു നില്‍ക്കേണ്ടി അവസ്ഥ ഉണ്ടാവാന്‍ അനുവദിക്കരുതെന്നും ഐഎംഎ പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ചകളില്‍ പുറം രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും അസുഖം ഉണ്ടാവുന്ന അവസ്ഥയുണ്ട്. അവരില്‍ ചിലരെങ്കിലും ക്വാറന്റൈന്‍ ലംഘിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സമൂഹവ്യാപന സാധ്യത കൂടി വരികയും ചെയ്യുന്നു. രോഗം കിട്ടിയത് എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്തവരുടെ എണ്ണവും കൂടുകയാണെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി.

error: Content is protected !!