ഇ ക്ലാസ് ചാലഞ്ചിന് മികച്ച പ്രതികരണം ആദ്യ ദിവസം 330 ടിവിയും 10 ടാബും വാഗ്ദാനം

കണ്ണൂർ : കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സ്‌കൂള്‍ ക്ലാസ്സുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ പഠനസൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആരംഭിച്ച ഇ-ക്ലാസ് ചാലഞ്ചിന് മികച്ച പ്രതികരണം. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാവുന്ന സ്മാര്‍ട്ട്‌ഫോണ്‍, കംപ്യൂട്ടര്‍, ടിവി തുടങ്ങിയ സൗകര്യങ്ങളില്ലാത്ത ജില്ലയിലെ കുട്ടികള്‍ക്കായി 330ലേറെ സ്മാര്‍ട്ട് ടിവി സെറ്റുകള്‍, 10 ടാബ്ലെറ്റുകള്‍ എന്നിവയാണ് ആദ്യ ദിവസം വാഗ്ദാനം ചെയ്യപ്പെട്ടത്. ഇതില്‍ എസ്എഫ്‌ഐ ആദ്യഘട്ടത്തില്‍ 300ഉം കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ 30ഉം ടിവികളും കണ്ണൂര്‍ ചേകവര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് 10 ടാബുകളുമാണ് വാഗ്ദാനം ചെയ്തത്. എസ്എഫ്‌ഐ നല്‍കുന്ന 300 ടിവികളില്‍ 100 എണ്ണം വിതരണത്തിന് തയ്യാറായി.

ഇതില്‍ ആദ്യത്തെ ടി വി സെറ്റ് എസ് എഫ് ഐ ഭാരവാഹികളില്‍ നിന്ന് സിമതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഏറ്റുവാങ്ങി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എ പി അന്‍വീര്‍, ജില്ലാ സെക്രട്ടറി ഷിബിന്‍ കാനായി, പ്രസിഡണ്ട് സി പി ഷിജു എന്നിവര്‍ ചേര്‍ന്നാണ് നല്‍കിയത്.


ലെന്‍സ് ഫെഡ് മട്ടന്നൂര്‍ യൂനിറ്റ് നല്‍കിയ സ്മാര്‍ട്ട് ടിവി സി കെ പ്രശാന്ത് കുമാര്‍, സി ഉമേഷ്, കെ സി മനോജ്, ആര്‍ കമലേഷ് എന്നിവര്‍ ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. കണ്ണൂര്‍ ചേകവര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് നല്‍കുന്ന 10 ടാബുകള്‍ ആറളം ഫാം ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്ന് കൈമാറും. ഇവ ഉപയോഗിച്ച് ഫാമിലെ അങ്കണവാടികള്‍ കേന്ദ്രീകരിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് ഇ ക്ലാസ് സൗകര്യമൊരുക്കുക.

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കേള്‍ക്കാന്‍ ആവശ്യമായ സംവിധാനങ്ങളൊന്നുമില്ലാത്തവരും അവ വാങ്ങാന്‍ ശേഷിയില്ലാത്തവരുമായ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ടിവി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നല്‍കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. സ്‌കൂള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ ചേര്‍ന്നാണ് അര്‍ഹരായ കുട്ടികളെ കണ്ടെത്തുക. ഈ ഉപകരണങ്ങളുടെ ഗുണഫലം കുട്ടിക്ക് തന്നെ ലഭിക്കുന്നുവെന്നും ഇവര്‍ ഉറപ്പുവരുത്തും.
ജില്ലാതലത്തില്‍ ലഭിക്കുന്ന ഉപകരണങ്ങളുടെ വിതരണത്തിനായി ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഡിഡിഇ, ആര്‍ഡിഡി, എസ്എസ്‌കെ ജില്ലാപ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍, ജില്ലാ പൊതുവിദ്യാഭ്യാസ കോ ഓര്‍ഡിനേറ്റര്‍ എന്നിവരടങ്ങിയ മോണിറ്ററിംഗ് സമിതിക്കും രൂപം നല്‍കി. ബന്ധപ്പെട്ട സ്‌കൂളുകള്‍ വഴിയാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുക.

ഇക്ലാസ് ചാലഞ്ചിലേക്ക് ഉപകരണങ്ങളായി മാത്രമേ സംഭാനകള്‍ സ്വീകരിക്കുകയുള്ളൂ എന്നും പണമായി സ്വീകരിക്കില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. ചാലഞ്ചില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും ഉപകരണങ്ങള്‍ നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത ഒരു കുട്ടിപോലും ജില്ലയില്‍ ഇല്ലെന്ന് ഉറപ്പാക്കുകയാണ് ചാലഞ്ചിലൂടെ ലക്ഷ്യമിടുന്നത്. വരുംദിനങ്ങളില്‍ വിദ്യാര്‍ഥി, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരുടെ ഭാഗത്തു നിന്ന് ചാലഞ്ചിന് കൂടുതല്‍ മികച്ച പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി മനോജ്കുമാര്‍, എസ്എസ്‌കെ ജില്ലാപ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി പി വേണുഗോപാലന്‍, ജില്ലാ പൊതുവിദ്യാഭ്യാസ കോ ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍, ഹയര്‍ സെക്കന്ററി വിഭാഗം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി ഒ മുരളീധരന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എന്‍ ബിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!