കൊവിഡ് പ്രതിരോധത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ സള്‍ഫേറ്റ് ഗുളികകള്‍ എത്തിച്ചു

തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ സള്‍ഫേറ്റ് ഗുളികകള്‍ എത്തിച്ചു. ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അംഗങ്ങളായ ജോബി ജോസഫ്, ആന്‍ മേരി, റിക്കി അലക്‌സാണ്ടര്‍ എന്നിവര്‍ മന്ത്രി ഇ പി ജയരാജന്റെ ഓഫീസിലെത്തി മരുന്നിന്റെ രേഖകള്‍ കൈമാറി. ബ്ലാസ്‌റ്റേഴ്‌സ് ഉടമയായ നിമ്മഗഡ്ഡ പ്രസാദിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണിത്. കഴിഞ്ഞ മാസം ഒരു ലക്ഷം ഗുളികകള്‍ ബ്ലാസ്‌റ്റേഴ്‌സ് എത്തിച്ചിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ സഹായം കൊവിഡ് പ്രതിരോധത്തിന് കരുത്തുപകരുന്നതാണെന്ന് മന്ത്രി പറഞ്ഞു.

ഗുളികകള്‍ ആരോഗ്യ വകുപ്പിനു കീഴിലെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ (കെ എം എസ് സി എല്‍) ഏല്‍പ്പിച്ചു. കായിക വകുപ്പിന്റെ ഫുട്‌ബോള്‍ പരിശീലന പദ്ധതികളുമായി സഹകരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചതായും മന്ത്രി പറഞ്ഞു. മരുന്ന് നിര്‍മ്മാണ കമ്പനിയായ ലോറസ് ലാബ് ലിമിറ്റഡിന്റെ വിശാഖപട്ടണത്തെ ഫാക്ടറിയില്‍ നിന്നാണ് ഗുളികകള്‍ എത്തിച്ചത്.

30 ഗുളികകള്‍ വീതമുള്ള ബോട്ടിലുകള്‍ റോഡ് മാര്‍ഗ്ഗമാണ് എത്തിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് ഡയറക്ടറായ അല്ലു അരവിന്ദിന്റെ മകനായ പ്രമുഖ ചലച്ചിത്ര താരം അല്ലു അര്‍ജ്ജുന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കിയിരുന്നു. 2018 ലെ പ്രളയ ദുരിതാശ്വാസമായി കേരളത്തിന് ഒരു കോടിയോളം രൂപ ബ്ലാസ്‌റ്റേഴ്‌സ് ഉടമകള്‍ നല്‍കിയിരുന്നു.

error: Content is protected !!