മേലെ ചൊവ്വ അടിപ്പാത നിര്‍മ്മാണം: വിചാരണ നാളെ കൂടി

കണ്ണൂർ : മേലെ ചൊവ്വ അടിപ്പാത നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് ആംഫി തീയറ്ററില്‍ നടക്കുന്ന വിചാരണ നാളെ (മെയ് 27) അവസാനിക്കും. പദ്ധതി ബാധിതര്‍ ഹാജരാക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ പുനരധിവാസത്തിനും പുനസ്ഥാപനത്തിനും നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള അന്തിമ വാദം കേള്‍ക്കുന്നതിനായാണ് വിചാരണ സംഘടിപ്പിക്കുന്നത്. 23.25 ആര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 50 ല്‍ അധികം പേരുടെ കൈവശങ്ങളും 60 ഓളം സ്ഥാപനങ്ങളുമാണ് ഈ ഭൂമിയില്‍ വരുന്നത്.

ബാധിക്കപ്പെടുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും ഉടമകളും ഉള്‍പ്പെടെ 150 ല്‍ അധികം പേരും അവരുടെ കുടുംബങ്ങളുമാണ് പദ്ധതി ബാധിതരായിട്ടുള്ളത്. ഭൂമി ഏറ്റെടുക്കുന്നത് കാരണം ഉപജീവനത്തെ ബാധിക്കുന്ന അര്‍ഹരായ കെട്ടിട ഉടമയ്ക്കും വാടകക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഹാജരാക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനത്തിന് മുമ്പ് മൂന്ന് വര്‍ഷം തുടര്‍ച്ചയായി സ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്ന അംഗീകൃത തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ട പരിഹാരമായി ആറ് മാസത്തേക്ക് ഒരു മാസം 6000 രൂപ എന്ന നിരക്കില്‍ ധനസഹാവും നല്‍കുന്നുണ്ട്.

30 ഓളം ആളുകളാണ് തിങ്കളാഴ്ച മുതല്‍ നടക്കുന്ന വിചാരണയില്‍ പങ്കെടുത്തത്. ബാക്കിയുള്ള പദ്ധതി ബാധിതര്‍ ആവശ്യമായ രേഖകള്‍ സഹിതം ഇന്ന് കലക്ടറേറ്റിന് മുന്‍വശമുള്ള ആംഫി തീയറ്ററില്‍ എത്തിച്ചേരണമെന്ന് എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ കെ കെ അനില്‍ കുമാര്‍ അറിയിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ആര്‍ ബി ഡി സി പ്രതിനിധി തുടങ്ങിയവര്‍ വിചാരണയില്‍ പങ്കെടുത്തു.

error: Content is protected !!