ലോകത്ത് 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ കോവിഡ് രോഗികള്‍

ഡൽഹി : ലോകത്ത് 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ കോവിഡ് രോഗികള്‍. ഇത് ആദ്യമായാണ് ഒരു ദിവസം തന്നെ ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂറോപ്പില്‍ കോവിഡിന്റെ രണ്ടാം തരംഗമുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന്റെ ആരോഗ്യ സമിതി റിപ്പോര്‍ട്ട് ചെയ്തു.

ഒരുലക്ഷത്തി ആറായിരത്തോളം കോവിഡ് കേസുകളാണ് ഒറ്റ ദിവസംകൊണ്ട് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. ലാറ്റിനമേരിക്കയില്‍ രോഗം വ്യാപിക്കുന്നതും യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതുമാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണം. ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുന്നു. പെറുവില്‍ ഒരുലക്ഷത്തിലേറെയായി കോവിഡ് രോഗികള്‍. മെക്സിക്കോയില്‍ മരണസംഖ്യ കൂടുന്നത് ആശങ്കയുണര്‍ത്തുകയാണ്. ഇന്ന് മാത്രം 424 പേര്‍ മരിച്ചു. പത്ത് ശതമാനത്തിലേറെയാണ് മരണനിരക്ക്.

ചിലിയിലും ഇക്വഡോറിലുമെല്ലാം രോഗം വ്യാപിക്കുന്നു. അധികം വൈകാതെ യൂറോപ്പില്‍ കോവിഡിന്റെ രണ്ടാം വരവ് ഉണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന്റെ ആരോഗ്യ സമിതി തലവന്‍ ആന്‍ഡ്രിയ അമ്മോന്‍ പറഞ്ഞു. ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 51 ലക്ഷം കവിഞ്ഞു. മരണം 3,30,000 ആയി. അമേരിക്കയില്‍ രോഗികള്‍ 16 ലക്ഷത്തോട് അടുക്കുന്നു. റഷ്യയിലും രോഗ വ്യാപന തോത് ഉയരുകയാണ്. അതിനിടെ ചൈനയിലെ വുഹാനില്‍ വന്യമൃഗങ്ങളെ ഭക്ഷിക്കുന്നത് നിരോധിച്ചു.

error: Content is protected !!