മദ്യ വില്‍പന ഓണ്‍ലൈനായി നടത്തുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: മദ്യത്തിന്റെ ഹോം ഡെലിവറിയും ഓണ്‍ലൈന്‍ വില്‍പനയും സംസ്ഥാനങ്ങള്‍ക്ക് പരിഗണിക്കാമെന്ന് സുപ്രിംകോടതിയുടെ നിരീക്ഷണം. ഹോം ഡെലിവറി അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു.

മദ്യശാലകള്‍ക്കു മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കല്‍ നടപ്പാക്കാനും ഇക്കാര്യം പരിഗണിക്കാവുന്നതാണെന്നാണ് കോടിതി പറഞ്ഞത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കൗള്‍, ബി.ആര്‍.ഗവായ് എന്നിവരുടെ മൂന്നംഗ ബെഞ്ചാണ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.

‘ഇതു സംബന്ധിച്ച്‌ ഉത്തരവൊന്നും പുറപ്പെടുവിക്കില്ല. എന്നാല്‍ മദ്യം വീടുകളില്‍ എത്തിക്കുന്നതോ നേരിട്ടല്ലാതെ വില്‍പന നടത്തുന്നതോ സംസ്ഥാനങ്ങള്‍ പരിഗണിക്കണം’ – കോടതി വ്യക്തമാക്കി. ഹോം ഡെലിവറി സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ജസ്റ്റിസ് കൗള്‍ പറഞ്ഞു. അതേസമയം ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി.

കഴിഞ്ഞ ദിവസം പല സംസ്ഥാനങ്ങളിലും മദ്യശാലകള്‍ തുറന്നതോടെ വന്‍ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. മദ്യവില്‍പനശാലകള്‍ക്ക് മുമ്പില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ വന്‍തിരക്ക് രൂപപ്പെട്ടത് ആശങ്കകള്‍ക്കിടയാക്കിയിരുന്നു.

കേരളമടക്കം ചില സംസ്ഥാനങ്ങള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ല. അതേസമയം പഞ്ചാബ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

error: Content is protected !!