അഞ്ച് കിലോ സൗജന്യ റേഷന്‍ അരി വിതരണം 20 മുതല്‍

കണ്ണൂർ : കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെഎവൈ സ്‌കീം മുഖേന അനുവദിച്ച സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ 20 മുതല്‍ ആരംഭിക്കും.

കാര്‍ഡിലുള്‍പ്പെട്ട ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം വീതം അരിയാണ് എഎവൈ (മഞ്ഞ കാര്‍ഡ്), മുന്‍ഗണന (പിങ്ക് കാര്‍ഡ്) വിഭാഗങ്ങളിലെ കുടുംബങ്ങള്‍ക്ക് ലഭിക്കുക. ഏപ്രില്‍ മാസത്തെ അരിയുടെ വിതരണമാണ് റേഷന്‍ കടകളിലൂടെ തിങ്കളാഴ്ച തുടങ്ങുന്നത് . ഏപ്രില്‍, മെയ്, ജൂണ്‍ എന്നീ മൂന്ന് മാസക്കാലമാണ് മേല്‍ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സാധാരണ റേഷന്‍ വിഹിതത്തിനു പുറമെ ഈ സൗജന്യ റേഷന്‍ ലഭിക്കുക.

ഏപ്രില്‍ 20, 21 തീയതികളില്‍ എ എ വൈ കാര്‍ഡുകള്‍ക്കും (വിട്ടുപോയവര്‍ക്ക് ഏപ്രില്‍ 30വരെ വാങ്ങാം) 22 മുതല്‍ 30 വരെ പി എച്ച് എച്ച് കാര്‍ഡുകള്‍ക്കുമാണ് സൗജന്യ റേഷന്‍ ലഭിക്കുക.

റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കുന്നതിന് പി എച്ച് എച്ച് കാര്‍ഡുകള്‍ക്ക് താഴെ പറയുന്ന രീതിയില്‍ ക്രമീകരിച്ചാണ് വിതരണം നടത്തുക.

1 ല്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് ഏപ്രില്‍ 22,

2 ല്‍ അവസാനിക്കുന്നവ – 23,

3 ല്‍ അവസാനിക്കുന്നവ – 24,

4 ല്‍ അവസാനിക്കുന്നവ – 25,

5 ല്‍ അവസാനിക്കുന്നവ – 26,

6 ല്‍ അവസാനിക്കുന്നവ – 27,

7 ല്‍ അവസാനിക്കുന്നവ- 28,

8 ല്‍ അവസാനിക്കുന്നവ – 29,

9, 0 ല്‍ അവസാനിക്കുന്നവ – 30.

സാമൂഹിക അകലം പാലിച്ചുകൊണ്ട് കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങേണ്ടതാണ്.

റേഷന്‍ കട ഉടമകള്‍ ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതും കൃത്യമായ അളവില്‍ കാര്‍ഡുടമകള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം നല്‍കേണ്ടതുമാണ്. തൂക്കക്കുറവ് പോലുള്ള പരാതികള്‍ ലഭിച്ചാല്‍ കട ഉടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരക്കും. പരാതികള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ അറിയിക്കാം. ഫോണ്‍: കണ്ണൂര്‍ – 9188527408, തളിപ്പറമ്പ – 9188527411, തലശ്ശേരി – 9188527410, ഇരിട്ടി – 9188527409.
തലശ്ശേരി താലൂക്കിലെ തലശ്ശേരി, കൂത്തുപറമ്പ, പാനൂര്‍ എന്നീ നഗരസഭകളും, ന്യൂ മാഹി, പന്ന്യന്നൂര്‍, ചൊക്ലി, കതിരൂര്‍, പാട്യം, മൊകേരി, ചിറ്റാരിപ്പറമ്പ, കോട്ടയം മലബാര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളും തളിപ്പറമ്പ് താലൂക്കിലെ നടുവില്‍ ഗ്രാമപഞ്ചായത്തും ഹോട്ട് സ്പോട്ടായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ ഇവിടങ്ങളിലെ ഗുണഭോക്താക്കള്‍ക്കുളള സൗജന്യ റേഷന്‍, ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍/കൗണ്‍സിലര്‍, കുടുംബശ്രീ എന്നിവരെ മാത്രം ചുമതലപ്പെടുത്തി ഗുണഭോക്താക്കളുടെ വീടുകളില്‍ നേരിട്ട് വിതരണം ചെയ്യണം. ഇതിന് സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്..

error: Content is protected !!