സ്കൂള്‍,കോളേജ് തുറക്കല്‍ സംബന്ധിച്ച തീരുമാനം ഏപ്രില്‍ 14ന് ശേഷമുള്ള കോവിഡ് അവലോകനത്തിന് ശേഷമെന്ന് കേന്ദ്രം

ഡെൽഹി : ഏപ്രില്‍ 14 ന് ശേഷമുള്ള രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത ശേഷമായിരിക്കും സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു. ഏപ്രില്‍ 14നാണ് കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണ്‍ അവസാനിക്കുന്നത്.

കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് നഷ്ടമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പി.ടി.ഐയോട് പറഞ്ഞു.”ഇപ്പോൾ ഒരു തീരുമാനം എടുക്കാൻ പ്രയാസമാണ്. ഏപ്രിൽ 14 ന് ശേഷം രാജ്യത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യും. സാഹചര്യങ്ങൾക്കനുസരിച്ച്, സ്കൂളുകളും കോളേജുകളും ഇപ്പോൾ വീണ്ടും തുറക്കാൻ കഴിയുമോ അല്ലെങ്കിൽ കുറച്ചുകാലം അടച്ചിടേണ്ടതുണ്ടോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പൊക്രിയാല്‍ വ്യക്തമാക്കി.

രാജ്യത്ത് 34 കോടി വിദ്യാര്‍ഥികളാണ് ഉള്ളത്. ഇത് അമേരിക്കയുടെ ജനസംഖ്യയെക്കാള്‍ വരും. ഈ കുട്ടികളാണ് നമ്മുടെ ഏറ്റവും വലിയ നിധി. ഇവരുടെ സുരക്ഷയാണ് ഏറ്റവും വലുത്..പൊക്രിയാല്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24ന് ലോക് ഡൌണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിരുന്നു. പരീക്ഷകളും മാറ്റിവച്ചിരുന്നു. 800 സര്‍വ്വകലാശാലകള്‍, 40,000 കോളേജുകള്‍, 12000 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കൂടാതെ 1.5 ലക്ഷം സ്കൂളുകളും രാജ്യത്തുണ്ട്.

error: Content is protected !!