കൊറോണ:കണ്ണൂർ ജില്ലയില്‍ അഞ്ചുപേര്‍ കൂടി ആശുപത്രി വിട്ടു

കണ്ണൂർ : ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന അഞ്ചുപേര്‍ കൂടി ഇന്നലെ (ഏപ്രില്‍ 7) ആശുപത്രി വിട്ടു. ഇതോടെ കൊറോണ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം ജില്ലയില്‍ 25 ആയി. കേരളത്തില്‍ ഇതുവരെ ഏറ്റവുമധികം പേര്‍ക്ക് കൊറോണ രോഗം ഭേദമായതും കണ്ണൂര്‍ ജില്ലയിലാണ്.
തലശ്ശേരി ജനറല്‍ ആശുപത്രി, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് രണ്ടു പേര്‍ വീതവും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ഒരാളുമാണ് ഇന്നലെ വീടുകളിലേക്ക് മടങ്ങിയത്.

ജില്ലയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണിതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. വൈറസിന്റെ സാമൂഹിക വ്യാപനം ജില്ലയില്‍ തടഞ്ഞുനിര്‍ത്താനായി എന്നതും വലിയ കാര്യമാണ്. ഇതുവരെ ജില്ലയില്‍ അമ്പതിലേറെ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഒരാള്‍ക്കു മാത്രമാണ് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായത്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുള്‍പ്പെടെ ജില്ലയിലെ വിവിധ വിഭാഗങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ക്കൊപ്പം സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ സഹകരണവും വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതില്‍ പ്രധാന പങ്കുവഹിച്ചതായും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയ മുഴുവന്‍ പേരും നിര്‍ദ്ദേശിക്കപ്പെട്ടതു പ്രകാരം നിശ്ചിത ദിവസം വീടുകളില്‍ ക്വാറന്റയിനില്‍ തന്നെ കഴിയേണ്ടതാണെന്നും ഡിഎംഒ അറിയിച്ചു.

error: Content is protected !!