പെൺകുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകി വനിതാ കോച്ച് എന്‍ പ്രീത മാതൃകയാകുന്നു

കണ്ണൂർ : പാട്ട് പാടാനും നൃത്തം ചവിട്ടാനും മാത്രമല്ല, ജേഴ്‌സി അണിഞ്ഞ് കളിക്കളത്തിലിറങ്ങാനും, ബൂട്‌സ് ഇട്ട കാലുകൊണ്ട് ഗോള്‍വല കുലുക്കാനും പെണ്‍കുട്ടികള്‍ റെഡിയാണ്. അവര്‍ക്ക് സൗജന്യമായി പരിശീലനം നല്‍കാന്‍ ഒരു വനിതാ കോച്ചും. ഇപ്പോഴും ആണ്‍കോയ്മ നിലനില്‍ക്കുന്ന കാല്‍പന്തുകളിയില്‍ പെണ്‍ കളിക്കാരെ വളര്‍ത്തിയെടുക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ് പയ്യാമ്പലം സ്വദേശിനിയായ കോച്ച് എന്‍ പ്രീത. ഈ രംഗത്ത് പൊരുതാന്‍ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ രംഗത്തെത്തുന്നത് പ്രീതയ്ക്ക് കൂടുതല്‍ ആവേശം പകരുകയാണ്.

സ്‌കൂള്‍ തലം മുതല്‍ കോളേജ് തലം വരെയുള്ള ധാരാളം വനിതാ ഫുട്‌ബോള്‍ താരങ്ങളെ പ്രീത വളര്‍ത്തിയെടുത്തിട്ടുണ്ട്. താല്‍പര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കി അവര്‍ക്ക് വിജയങ്ങള്‍ നേടികൊടുക്കുന്നതാണ് ഏറ്റവും സന്തോഷമുള്ള കാര്യമെന്ന് പ്രീത പറയുന്നു.


2002 മുതല്‍ പ്രീത ഫുട്‌ബോള്‍ പരിശീലന രംഗത്തുണ്ട്. പള്ളിക്കുന്ന് ഹൈസ്‌കൂളിലാണ് തുടക്കം. ആദ്യകാലത്ത് ആണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കിയിരുന്നു. പിന്നീട് പരിശീലനം പെണ്‍കുട്ടികള്‍ക്ക് മാത്രമായി. കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജ്, പയ്യാമ്പലം ഗേള്‍സ് ഹൈസ്‌കൂള്‍, സ്‌പോര്‍ട്‌സ് ഡിവിഷന്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളിലെ നൂറ് കണക്കിന് വിദ്യാര്‍ഥിനികള്‍ക്ക് ഇതിനകം പ്രീത പരിശീലനം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ രണ്ട് വര്‍ഷമായി പട്ടാന്നൂര്‍ കെ പി സി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു.

കേന്ദ്രീയ വിദ്യാലയത്തിലും പരിശീലനം നല്‍കുന്നുണ്ട്. കായിക മേഖലയിലേക്ക് വരാന്‍ പെണ്‍കുട്ടികള്‍ പൊതുവില്‍ മടി കാണിക്കാറുണ്ട്. പ്രത്യേകിച്ചും നാട്ടിന്‍ പുറത്തെ കുട്ടികള്‍. എന്നാല്‍ അവരുടെ മനോഭാവം മാറി വരികയാണെന്നും ധാരാളം കുട്ടികള്‍ മൈതാനത്തു വരുന്നുണ്ടെന്നും ഈ പരിശീലക പറയുന്നു.
ദേശീയതലത്തില്‍ നിരവധി മെഡലുകള്‍ സ്വന്തമാക്കിയ പ്രീത പതിമൂന്നാം വയസ്സിലാണ് തന്റെ മേഖല ഫുട്‌ബോളാണെന്ന് തിരിച്ചറിഞ്ഞത്. അടുത്തുള്ള വീട്ടിലെ കുട്ടികളുടെ കൂടെ ബോള്‍ തട്ടികളിക്കാന്‍ ആരംഭിച്ചപ്പോള്‍ അയല്‍ക്കാരനായ പ്രേമന്‍ എന്ന ആളാണ് തന്നിലെ കളിക്കാരിയെ കണ്ടെത്തിയത്. ‘ഇക്കാലത്ത് കുട്ടികള്‍ക്ക് കായികരംഗത്തേക്ക് വരാന്‍ ബുദ്ധിമുട്ടുകള്‍ കുറവാണെന്ന് അവര്‍ പറയുന്നു. മുമ്പ് ഇന്നത്തെപോലെ സ്‌പോട്‌സ് അക്കാദമികള്‍ ഒന്നുമില്ല. സ്‌കൂളിലും കായികാധ്യാപകര്‍ ഇല്ല. ഗ്രേസ് മാര്‍ക്കും ഇല്ല. താല്‍പര്യം കൊണ്ടുമാത്രമാണ് താന്‍ ഫുട്‌ബോള്‍ തെരെഞ്ഞെടുത്തതെന്നും പ്രീത പറഞ്ഞു.

ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍ തലങ്ങളില്‍ 15 വര്‍ഷത്തോളം ദേശീയ ടീമിന് വേണ്ടി പ്രീത കളിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി അപകടത്തില്‍പെട്ടത് പ്രീതയുടെ കായിക മോഹങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി. രണ്ട് വര്‍ഷത്തോളം കളിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. സ്‌പോട്‌സ് ക്വാട്ടയില്‍ ലഭ്യമാകേണ്ട ജോലി പല സിര്‍ട്ടിഫിക്കറ്റുകളുടെയും അഭാവം മൂലം നഷ്ടപ്പെട്ടു. അക്കാലത്താണ് ജില്ലയില്‍ വനിതാ ഫുട്‌ബോള്‍ താരങ്ങളെ പരിശീലിപ്പിക്കുന്നതിന് വനിതാ കോച്ചിനെ നിയമിക്കണമെന്ന ഉത്തരവ് വന്നത്. അങ്ങനെ പ്രീത പരിശീലകയുടെ വേഷമണിഞ്ഞു. ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ നിരവധി കളിക്കാരെ നല്‍കാന്‍ കഴിഞ്ഞു എന്നതാണ് പ്രീതയുടെ അഭിമാനം. പരിശീലനം ഉയരങ്ങളില്‍ എത്തണം എന്നുള്ളതാണ് ഈ കോച്ചിന്റെ ആഗ്രഹവും.

error: Content is protected !!