ബാസ്റ്റിനെ അപമാനിച്ച സംഭവം: രാജി വയ്ക്കാന്‍ തയ്യാറെന്ന് പ്രിന്‍സിപ്പല്‍

തിരുവനന്തപുരം: പാലക്കാട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച പരിപാടിക്കിടെ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ മാപ്പ് പറയാനും രാജിവെയ്ക്കാനും തയ്യാറാണെന്ന് പ്രിന്‍സിപ്പാള്‍ ടിബി ഗുലാസ്. തിരുവനന്തപുരത്തെത്തി മന്ത്രി എകെ ബാലനെ കണ്ടതിനു പിന്നാലെയായിരുന്നു പ്രിന്‍സിപ്പാളിന്‍റെ പ്രതികരണം.

യൂണിയന്‍ ആരെയൊക്കെയാണ് ക്ഷണിച്ചതെന്ന് തനിക്കറിയില്ല. ആരെയും താന്‍ ജാതിപ്പേര് വിളിച്ച്‌ അപമാനിച്ചിട്ടില്ല. ഇത്തരമൊരു സംഭവമുണ്ടായതില്‍ ഖേദമുണ്ട്. ഇതിന്റെ പേരില്‍ രാജി വെയ്ക്കാനോ മാപ്പ് പറയാനോ തയ്യാറാണെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

‘ആരാണ് ബിനീഷ്, ആരാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ എന്നൊന്നും എനിക്കറിയില്ല. എനിക്ക് സിനിമയുമായി ഒരു ബന്ധവുമില്ല. ആര് എപ്പോള്‍ ഏത് പരിപാടിയില്‍ പങ്കെടുക്കുമെന്നൊന്നും എനിക്കറിയില്ല. സിനിമയുമായി ഒരു ബന്ധവുമില്ലാത്തയാളാണ് ഞാന്‍. യൂണിയനാണ് അതിഥികളെ ക്ഷണിച്ചത്. ആ പട്ടികയിലുണ്ടായിരുന്നത് അനില്‍ രാധാകൃഷ്ണമേനോനാണ്.’- പ്രിന്‍സിപ്പല്‍ ടി ബി കുലാസ് പറഞ്ഞു. തനിക്ക് ഇവരെ ആരെയും അറിയില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

‘ബാസ്റ്റിനെ ഞാനെങ്ങനെ തടയും? അങ്ങേരുടെ സൈസ് കണ്ടിട്ടുണ്ടോ? എന്നെ കണ്ടോ?’നടന്‍ ബിനീഷ് ബാസ്റ്റിനെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താന്‍ തടഞ്ഞിട്ടില്ലെന്നു പ്രിന്‍സിപ്പാള്‍ വിശദീകരിച്ചത് ഇങ്ങനെ.

യൂണിയന്‍ വിളിച്ചിരിക്കാം, അതുകൊണ്ടായിരിക്കും ഇവരൊക്കെ വന്നതെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. ഇതൊക്കെ യൂണിയന്‍ മാത്രമാണോ ചെയ്യുന്നത്? പ്രിന്‍സിപ്പാള്‍ അറിയണ്ടേ? എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘അതറിയണം. പ്രിന്‍സിപ്പാളിയാതെ അത് ചെയ്തത് തെറ്റ്. പക്ഷേ, ഞാനൊരു പ്രിന്‍സിപ്പാളാണ്. അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നയാളാണ്. അവരെ ഒറ്റിക്കൊടുക്കുന്നത് ശരിയാണോ? ഞാന്‍ ചോദിച്ചതിതാണ്. നിങ്ങളുടെയെല്ലാവരുടെയും പേരില്‍ ഞാന്‍ മാപ്പ് പറയാം. എനിക്കതൊരു പ്രശ്‌നമല്ല’ എന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.

error: Content is protected !!