പമ്പുടമയുടെ കൊലപാതകം: മൂന്ന് പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: തൃശൂരിലെ പമ്പുടമ മനോഹരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. പമ്പിലെ കളക്ഷന്‍ തുക ലഭിക്കാനാണ് മനോഹരനെ കൊലപ്പെടുത്തിയതെന്ന് കസ്റ്റഡിയിലുള്ളവര്‍ വെളിപ്പെടുത്തി. അതിനിടെ മനോഹരനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

മനോഹരന്‍ പതിവായി രാത്രി 12 മണിക്കും ഒരു മണിക്കും ഇടയ്ക്കാണ് പമ്പില്‍ നിന്ന് വീട്ടിലേക്ക് പോകുന്നത്. ഇത് സംബന്ധിച്ച് അറിയാവുന്നവരാണ് കൊലപാതകത്തിന് പിന്നില്‍. മനോഹരന്റെ മരണത്തിന് ശേഷം പ്രദേശത്ത് നിന്ന് കാണാതായവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേര്‍ പിടിയിലായത്. മലപ്പുറം അങ്ങാടിപ്പുറത്ത് വച്ചാണ് പ്രതികള്‍ പിടിയിലായത്. മനോഹരന്റെ കാറുമായി തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ പിടിയിലായത്.

മനോഹരന്റെ കാറും അങ്ങാടിപ്പുറത്ത് നിന്ന് കണ്ടെത്തി. അതേസമയം അക്രമികള്‍ക്ക് പണം ലഭിച്ചില്ലെന്നാണ് പോലീസ് വിശദീകരണം. പമ്പിലെ കളക്ഷന്‍ തുക കാറിലുണ്ടാകുമെന്ന് അക്രമികള്‍ കരുതിയെങ്കിലും പണം പമ്പില്‍ നിന്ന് എടുത്തിരുന്നില്ല. മനോഹരന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല. ഇത് പ്രതികള്‍ എടുത്തിട്ടുണ്ടാകാമെന്നാണ് പോലീസ് നിഗമനം.

ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷമാണ് മനോഹരന്റെ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട മനോഹരന്‍ കയ്പമംഗലത്ത് പെട്രോള്‍ പമ്പ് നടത്തി വരികയായിരുന്നു. രാത്രി 12.50ന് പെട്രോള്‍ പമ്പില്‍ നിന്ന് കാറില്‍ വീട്ടിലേക്ക് മടങ്ങുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുള്ള വീട്ടിലേക്ക് രാത്രി ഒന്നര കഴിഞ്ഞിട്ടും മനോഹരന്‍ എത്തിയില്ല. ഇതേതുടര്‍ന്ന് മകള്‍ പമ്പില്‍ എത്തി അന്വേഷിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

മനോഹരനെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കവെയാണ് ഇന്ന് പുലര്‍ച്ചെ ഗുരുവായൂരില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത വന്നത്. തുടര്‍ന്ന് കൊല്ലപ്പെട്ടത് മനോഹരന്‍ തന്നെയാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. മനോഹരന്റെ കൈകള്‍ പിന്നില്‍ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാറില്‍ പണമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

error: Content is protected !!