വാളയാര്‍ പീഡന കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി

തൃശ്ശൂര്‍; വാളയാറില്‍ പീഢനത്തിനിരയായി പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായം ഇരകള്‍ക്കല്ല പ്രതികള്‍ക്കാണ് കിട്ടിയത് എന്നത് പകല്‍ പോലെ വ്യക്തമാണ്. കേസ് അന്വേഷണത്തില്‍ പോലീസും കോടതിയിലെ കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകളാണ് വരുത്തിയിട്ടുള്ളതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവത്തില്‍ സിബിഐ അന്വേഷണം ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റ്

വാളയാറില്‍ ചെറുപ്രായമുള്ള രണ്ട് പെണ്‍കുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ നീതിന്യായ കോടതി വെറുതെ വിട്ടെന്ന വാര്‍ത്ത ഏറെ ഞെട്ടിക്കുന്നതാണ്. തെളിവുകളുടെ അഭാവമാണ് പ്രതികളെ വിട്ടയക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

സുതാര്യമായ രീതിയില്‍ പോലീസ് അന്വേഷണം നടന്നിരുന്നെങ്കില്‍ ഇളയ മകള്‍ എങ്കിലും മരണത്തില്‍ നിന്നും രക്ഷപ്പെട്ടേനെ എന്നാണ് കുട്ടികളുടെ അമ്മ പറയുന്നത്. പോലീസിന്റേയും പ്രോസിക്യൂഷന്റേയും അനാസ്ഥ ഒന്ന് മാത്രമാണ് ഈ കുടുംബത്തെ കണ്ണീരിലാഴ്ത്തിയത്.

കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രതിഭാഗം അഡ്വക്കേറ്റിനെ നിയമിച്ചതും പ്രതികളെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ട് പോയത് അരിവാള്‍ പാര്‍ട്ടിക്കാരാണെന്നുമുള്ള മരിച്ച കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തലും കൂട്ടി വായിക്കുമ്ബോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായം ഇരകള്‍ക്കല്ല പ്രതികള്‍ക്കാണ് കിട്ടിയത് എന്നത് പകല്‍ പോലെ വ്യക്തമാണ്.

പ്രകടമായ ഗുരുതര വീഴ്ചകളെ മന്ത്രിമാര്‍ പോലും അംഗീകരിക്കുന്നു. പ്രോസിക്യൂഷന്റെയും പോലീസിന്റെയും ഗുരുതരമായ വീഴ്ചകളിന്മേലുള്ള മുഖ്യമന്ത്രിയുടെ നിശബ്ദത ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു.

കേസ് അന്വേഷണത്തില്‍ പോലീസും കോടതിയിലെ കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകളാണ് വരുത്തിയിട്ടുള്ളത്. ഏറ്റവുമധികം പരിഗണന ലഭിക്കേണ്ട ദളിത് വിഭാഗത്തിലെ പതിമൂന്നും ഒന്‍പതും വയസ്സുകള്‍ മാത്രം പ്രായമുണ്ടായിരുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ ക്രൂരമായ പീഢനത്തിന് ഇരയാവുകയും ദാരുണമായി മരണപ്പെടുകയും ചെയ്ത അതീവ ഗുരുതരമായ ഈ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ cbi അന്വേഷണം നടത്തുക തന്നെ വേണം.

https://www.facebook.com/oommenchandy.official/posts/10156743595836404

error: Content is protected !!