ഫ്ലാറ്റുകളിലെ താമസക്കാര്‍ ഒഴിഞ്ഞു: സാധനങ്ങള്‍ മാറ്റാന്‍ സമയം നീട്ടി നല്‍കി

കൊച്ചി: മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങളില്‍ നിന്നുമായി ഇനി ഒഴിയാന്‍ ശേഷിക്കുന്നത് 83 കുടുംബങ്ങള്‍ മാത്രം. മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോള്‍, ഭൂരിപക്ഷം പേരും താമസം മാറി. ഇന്നു മുതല്‍ ഇവിടെ താമസിക്കാന്‍ ഫ്ലാറ്റുടമകളെ അനുവദിക്കില്ലെങ്കിലും സാധനങ്ങള്‍ മാറ്റാന്‍ സമയം നീട്ടി നല്‍കാന്‍ പൊലീസ് സമ്മതിച്ചിട്ടുണ്ട്. താമസം ഒഴിഞ്ഞെന്ന് രേഖാമൂലം എഴുതി നല്‍കിയാല്‍ സാധനങ്ങള്‍ നീക്കാന്‍ 9ാം തീയതി വരെ സമയം നല്‍കും. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനാണ് രേഖ ആവശ്യപ്പെട്ടത്.

കൂടുതല്‍ പേരും സ്വയം കണ്ടുപിടിച്ച ഫ്ലാറ്റുകളിലേക്കും ബന്ധു വീടുകളിലേക്കുമാണ് മാറിയത്. വീട്ടുസാധനങ്ങള്‍ മാറ്റാന്‍ സമയം നീട്ടി നല്‍കണമെന്നാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം. എത്ര സമയം വേണമെന്ന് ഓരോരുത്തരും പ്രത്യേകം അപേക്ഷ നല്‍കിയാല്‍ അതിനനുസരിച്ച്‌ പരിഗണിക്കാമെന്ന് സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജി ഇന്നലെ വൈകിട്ട് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു.

വീട്ടുസാധനങ്ങള്‍ മാറ്റാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ ജില്ലാഭരണകൂടം ഉടമകള്‍ക്ക് സാവകാശം അനുവദിക്കുകയായിരുന്നു. പക്ഷെ ഇന്നലെ തന്നെ ഫ്ലാറ്റുകളില്‍ നിന്ന് താമസം മാറണമെന്ന് നിര്‍ദേശിച്ചിരുന്നു. സാധനങ്ങള്‍ മാറ്റുന്നത് വരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. 72 മണിക്കൂര്‍ മുതല്‍ 10 ദിവസം വരെ സാധനങ്ങള്‍ മാറ്റാന്‍ ഉടമകള്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യത്തിന് ലിഫ്റ്റ് ഇല്ലാത്തതാണ് സാധനങ്ങള്‍ മാറ്റുന്നത് വൈകാന്‍ കാരണമെന്ന് താമസക്കാര്‍ പറയുന്നു. വിദേശത്തുള്ള ഉടമകള്‍ കിട്ടിയ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുകയാണ്. ചിലര്‍ ഗോഡൗണ്‍ വാടകയ്ക്ക് എടുത്ത് സാധനങ്ങള്‍ മാറ്റുന്നുമുണ്ട്.

error: Content is protected !!