എഴുത്ത് ലോട്ടറി ചൂതാട്ടം; മൂന്ന് പേര്‍ അറസ്റ്റില്‍

തലശ്ശേരി: കേരള സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായി നഗരത്തില്‍ രഹസ്യമായി എഴുത്ത് ലോട്ടറി ചൂതാട്ടം അരങ്ങ് തകര്‍ക്കുന്നു. ഇക്കൂട്ടത്തില്‍പെട്ട മൂന്നുപേരെ തലശ്ശേരിയിലും ഒരാളെ ചെറുകുന്നിലും അറസ്റ്റ് ചെയ്തു. തലശ്ശേരി പ്രിന്‍സിപ്പല്‍ എസ്.ഐ വിനു മോഹന്റെ നേതൃത്വത്തിലാണ് ടൗണ്‍ പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്.

തലശ്ശേരി ടി.സി മുക്കിലെ സൈനബാ മന്‍സിലില്‍ സി.കെ അനീസ് (32), മുഴപ്പിലങ്ങാട് കദീജാ ക്വാര്‍ട്ടേഴ്‌സില്‍ അനില്‍ കുമാര്‍ (51), മൂലക്കടവ് നബീസത്ത് വില്ലയില്‍ അന്‍സീര്‍ (32) എന്നിവരാണ് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഹോട്ടല്‍ റാറാവീസിന് സമീപത്ത് നിന്നും പിടിയിലായത്. എഴുതാനുള്ള കടലാസുകളും 6,900 രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു. എഴുത്ത് ലോട്ടറി, ഒറ്റ നമ്പര്‍ ഇടപാടുകള്‍ നഗരത്തില്‍ വ്യാപകമായിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍മാരില്‍ ഏതാനുംപേര്‍ ഇതിനായി ഓട്ടോറിക്ഷയും വിട്ടു നല്‍കിയിട്ടുള്ളതായി പോലീസില്‍ വിവരമുണ്ട്. യാത്രക്കാര്‍ ആവശ്യപ്പെട്ടാലും ഓട്ടം പോവാത്ത ഇത്തരക്കാരെ നിരീക്ഷിച്ചു വരികയാണെന്ന് പോലീസ് സൂചിപ്പിച്ചു.

വ്യാജ ഒറ്റ നമ്പര്‍ ലോട്ടറി എഴുത്തുകാരനായ ഏഴിലോട് ചക്ലിയ കോളനിയിലെ ടി.പി ഗണേശ (39) നെയാണ് ചെറുകുന്ന് കൊവ്വപ്പുറത്തു വെച്ച് കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്.എച്ച്.ഒ ടി.വി ബിജു പ്രകാശ്, സീനിയര്‍ സി.പി.ഒമാരായ നികേഷ്, അനില്‍കുമാര്‍, സി.പി.ഒ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് വ്യാജ ലോട്ടറി എഴുത്ത് സംഘത്തിലെ കണ്ണിയെ പിടികൂടിയത്. ചൂതാട്ടത്തിന് ഉപയോഗിച്ച ഫോണും, 5500 രൂപയും കസ്റ്റഡിയിലെടുത്തു. പയ്യന്നൂര്‍ ജെ.എഫ്.സി.എം കോടതി റിമാന്‍ഡ് ചെയ്തു.

error: Content is protected !!