കളക്ടറുടെ അക്കൗണ്ടിലേക്കുള്ള 23 ലക്ഷം രൂപ തട്ടിയെടുത്തു: ക്ലാര്‍ക്ക് അറസ്റ്റില്‍

കടുത്തുരുത്തി: കുറുപ്പന്തറ എം.വി.ഐ.പി. പദ്ധതി(ഭൂമിയേറ്റെടുക്കല്‍) സ്‌പെഷല്‍ തഹസീല്‍ദാരുടെ ഓഫീസില്‍ 23 ലക്ഷം രൂപയുടെ തിരിമറി നടത്തിയ ജീവനക്കാരന്‍ അറസ്‌റ്റില്‍.
പാലാ തിടനാട്‌ കരിപ്പോട്ടപ്പറമ്പില്‍ കെ.ആര്‍. ഉല്ലാസ്‌മോനെ(39)യാണു കടുത്തുരുത്തി എസ്‌.എച്ച്‌.ഒ. പി.കെ. ശിവന്‍കുട്ടിയുടൈ നേതൃത്വത്തിലുള്ള സംഘം ഇയാള്‍ ഇപ്പോള്‍ താമസിക്കുന്ന തൃപ്പൂണിത്തുറ പുത്തന്‍കാവ്‌ പുന്നയ്‌ക്കാവെളിയിലുള്ള വീട്ടില്‍നിന്നും അറസ്‌റ്റ്‌ ചെയ്‌തത്‌.

സാമ്പത്തിക ക്രമക്കേടു സംബന്ധിച്ചു സ്‌പെഷല്‍ തഹസീല്‍ദാര്‍ ആര്‍. രാമചന്ദ്രന്‍നായര്‍ കടുത്തുരുത്തി പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ്‌ അറസ്‌റ്റ്‌. ഇയാള്‍ ഓഫീസില്‍ ഉപയോഗിച്ചിരുന്ന കമ്ബ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും പോലീസ്‌ പിടിച്ചെടുത്തു. ഈ മാസം ഒന്‍പതിനും 15 നും ഇടയില്‍ സ്‌ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നാലു കേസുകളിലായി കലക്‌ടറുടെ പേരിലുള്ള അക്കൗണ്ടിലേക്ക്‌ അയക്കേണ്ട 23 ലക്ഷം രൂപയാണു ജീവനക്കാരന്‍ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെടുത്തത്‌. ഈ പണം മറ്റ്‌ അക്കൗണ്ടുകളിലേക്കു മാറ്റിയതായാണു സൂചന. സ്വകാര്യ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക്‌ പണം മാറ്റിയിട്ടുണ്ടോയെന്നും പോലീസ്‌ അന്വേഷിക്കും. അതേസമയം അറസ്‌റ്റിലായ ഉദ്യോഗസ്‌ഥനെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ കലക്‌ടര്‍ പി.കെ. സുധീര്‍ബാബു നിര്‍ദേശം നല്‍കി.

കോട്ടയം റവന്യൂ റിക്കവറി തഹസില്‍ദാരുടെ ഓഫീസില്‍ സീനിയര്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്നതിനിടെ ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ട പണം സമാനരീതിയില്‍ തിരിമറി നടത്തിയെന്ന കേസില്‍ 2014-ല്‍ ഈരാറ്റുപേട്ട പോലീസില്‍ ഇയാള്‍ക്കെതിരെ കേസുണ്ടായി. പത്തോളം ബാങ്കുകളില്‍ ഇയാള്‍ക്ക് അക്കൗണ്ടുണ്ട്. ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കക്ഷികള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇറിഗേഷന്‍ വകുപ്പ് നല്‍കുന്നതനുസരിച്ച്‌ കളക്ടറുടെ അക്കൗണ്ടിലേക്ക്‌ മാറ്റുകയാണ് പതിവ്. അടുത്തിടെ ഇത്തരത്തില്‍ കളക്ടറുടെ അക്കൗണ്ടിലേക്ക് അയച്ച 23 ലക്ഷത്തോളം രൂപ അവിടെ ലഭിച്ചിരുന്നില്ല.

ജീവനക്കാര്‍ പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട ജോലികളില്‍ മുഴുകിയിരുന്ന സമയത്ത് നടന്ന ഇടപാടിലെ തുകയാണ് ലഭിക്കാതിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ചാണ് ഫണ്ട് ട്രാന്‍സ്ഫര്‍ നടക്കുന്നത്. ഇത് ദുരുപയോഗം ചെയ്ത് ഉല്ലാസ്‍മോന്‍ സ്വന്തം അക്കൗണ്ടിലേക്ക്‌ പണം മാറ്റുകയായിരുന്നു.

error: Content is protected !!