ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മഞ്ജു റാണി ഫൈനലില്‍

ഉലാന്‍ഉദെ: ആദ്യമായി പങ്കെടുക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ അട്ടിമറി ജയത്തോടെ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലില്‍ പ്രവേശിച്ചു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മുന്‍ ലോകചാമ്പ്യന്‍ തായ്ലന്‍ഡിന്റെ ചുതാമത് രക്സാതിനെ തോല്‍പ്പിച്ചാണ് മഞ്ജു ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 4-1.

ഞായറാഴ്ചയാണ് മഞ്ജുവിന്റെ ഫൈനല്‍. 54 കിലോഗ്രാം വിഭാഗത്തില്‍ ജമുന ബോറോയും 69 കിലോഗ്രാം വിഭാഗത്തില്‍ ലവ്ലിന ബൊഗൊഹെയ്നും സെമിഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ലോകചാമ്പ്യന്‍ മേരി കോം 51 കിലോഗ്രാം വിഭാഗത്തിന്റെ സെമിയില്‍ തോറ്റു പുറത്തായി. താരത്തിന് വെങ്കലം മാത്രമാണ് ലഭിക്കുക.

തുര്‍ക്കിയുടെ ബെസെനാസ് കാകിരോഗ്ലുവിനോടാണ് മേരി കോം പരാജയപ്പെട്ടത്. മേരിയുടെ തോല്‍വിക്കെതിരേ ഇന്ത്യ അപ്പീല്‍ നല്‍കിയെങ്കിലും അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്‍ ടെക്നിക്കല്‍ കമ്മിറ്റി അപ്പീല്‍ തള്ളിയിരുന്നു.

error: Content is protected !!