കണ്ണൂരിന്റെ ആരോഗ്യത്തിന് ‘ഫിറ്റ് കണ്ണൂര്‍’  പദ്ധതിയുമായി ജില്ലാഭരണകൂടം

കണ്ണൂര്‍ ജനതയുടെ കായികാരോഗ്യത്തിനായി ‘ഫിറ്റ് കണ്ണൂര്‍’ പദ്ധതിയുമായി ജില്ലാ ഭരണകൂടം. കായിക സംസ്‌ക്കാരം ജീവിതത്തിന്റെ ഭാഗമാക്കുക, പ്രായഭേദമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും അനുയോജ്യമായ കായിക വ്യായാമത്തിന് അവസരമൊരുക്കുക എന്നിവയാണ് ഫിറ്റ് കണ്ണൂര്‍ പ്രോഗ്രാമിന്റെ ലക്ഷ്യം. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്.

പരിപാടിയുടെ ഔപചാരിക തുടക്കം നവംബര്‍ ഒന്നിന് കലക്ടറേറ്റ് മൈതാനിയില്‍ നടക്കും. രാവിലെ 6.30 മുതല്‍ 7.30 വരെയാണ് പരിപാടി. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പദ്ധതി ഉദ്ഘാടനം ചെയ്യും. കായിക താരങ്ങള്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, ജീവനക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, റസിഡന്‍സ് അസോസിയേഷന്‍, വോക്കേഴ്സ് ക്ലബ്ബ് പ്രതിനിധികള്‍ തുടങ്ങി ആയിരത്തോളം പേര്‍ ഉദ്ഘാടന പരിപാടിയില്‍ അണിനിരക്കും. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന എയ്റോബിക്സും ഇതിന്റെ ഭാഗമായി ഒരുക്കും.

ആദ്യഘട്ടത്തില്‍ കലക്ടറേറ്റ് മൈതാനിയിലും ടൗണ്‍സ്‌ക്വയറിലുമാണ് വ്യായാമത്തിന് സൗകര്യമൊരുക്കുക. നഗരത്തിലെയും സമീപ സ്ഥലങ്ങളിലെയും തല്‍പ്പരരായ ആളുകള്‍ക്ക് എല്ലാ ദിവസവും ഇവിടെ വ്യായാമം ചെയ്യാന്‍ സാധിക്കും. പൊലീസ് പരേഡ് ഗ്രൗണ്ടിലും മറ്റ് സ്ഥലങ്ങളിലേക്കും പദ്ധതി പിന്നീട് വ്യാപിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു.

ആരോഗ്യകരമായ ജീവിതത്തിന് ഏതെങ്കിലും തരത്തിലുള്ള വ്യായാമം ശീലമാക്കുന്നതിനോടൊപ്പം പുതിയൊരു കായിക സംസ്‌കാരം വളര്‍ത്തിയെടുക്കാനുമാണ് ജില്ലാ ഭരണകൂടം തന്നെ ഇത്തരമൊരു പരിപാടിക്ക് മുന്‍കൈയെടുക്കുന്നത്. വ്യായാമത്തോടൊപ്പം വിവിധ വിഭാഗമാളുകളുടെ കൂട്ടായ്മയും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരിക്കല്‍ പ്രമുഖ പരിശീലകരെ പങ്കൈടുപ്പിച്ച് പ്രത്യേക പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രതിനിധികളുടെ സഹകരണത്തോടെ പഞ്ചായത്ത് തലത്തില്‍ പദ്ധതി വ്യാപിപ്പിക്കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍ പറഞ്ഞു. മുഴുവന്‍ പഞ്ചായത്തിലും കുറഞ്ഞത് ഒരു ഗ്രൗണ്ടെങ്കിലും കണ്ടെത്തി വ്യായാമം ചെയ്യാനുള്ള സൗകര്യം ഒരുക്കും.

പിആര്‍ഡി ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!