ഇന്ത്യ- ചൈന അനൗദ്യോഗിക ഉച്ചകോടി: ഇന്ന്‌ വ്യാപാരം മുഖ്യചര്‍ച്ച

ചെന്നൈ: ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ജിന്‍പിങ്ങും മാമല്ലപുരത്ത്‌ (മഹാബലിപുരം) എത്തി. ശനിയാഴ്‌ച രാവിലെ ഉച്ചകോടി ആരംഭിക്കും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിന്‌ വെള്ളിയാഴ്‌ച പകല്‍ രണ്ടോടെയാണ്‌ ഷീ ജിന്‍പിങ്‌ ചെന്നൈയില്‍ എത്തിയത്‌.

മോഡി വെള്ളിയാഴ്‌ച രാവിലെ പതിനൊന്നോടെ പ്രത്യേക ഹെലികോപ്‌റ്ററില്‍ ചെന്നൈയിലെത്തി. അവിടെനിന്ന്‌ കാര്‍മാര്‍ഗം മാമല്ലാപുരത്തേക്കുപോയി. രാഷ്ട്രനേതാക്കളെത്തിയതോടെ മാമല്ലാപുരവും പരിസരപ്രദേശങ്ങളൂം കനത്ത സുരക്ഷയിലാണ്‌.

അനൗദ്യോഗിക ഉച്ചകോടിയായതിനാല്‍ പ്രഖ്യാപനങ്ങളോ കരാറുകളോ ഉണ്ടാകില്ല. ഉഭയകക്ഷി വ്യാപാരം മുഖ്യ ചര്‍ച്ചാവിഷയമാകും. വ്യാപാരകമ്മി, ഇന്ത്യയിലെ ചൈനീസ്‌ നിക്ഷേപം, ഭീകരതയ്‌ക്കെതിരായ കൂട്ടായ്‌മ രൂപപ്പെടുത്തല്‍, വിവരസാങ്കേതികവിദ്യാ സഹകരണം എന്നിവ ചര്‍ച്ചയാകും.

കഴിഞ്ഞദിവസം പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ചൈന സന്ദര്‍ശിച്ച സാഹചര്യത്തില്‍ കശ്‌മീരും ചര്‍ച്ചയായേക്കും. ഇന്ത്യയും ചൈനയും തമ്മിലുള്ള രണ്ടാമത്തെ അനൗദ്യോഗിക ഉച്ചകോടിയാണിത്‌.

വുഹാനിലായിരുന്നു ആദ്യ ഉച്ചകോടി. ചൈനയുടെ വിദേശമന്ത്രി വാങ്‌ യി, ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം ജെയ്‌ച്ചി, ഇന്ത്യന്‍ വിദേശമന്ത്രി എസ്‌ ജയശങ്കര്‍, ദേശീയ ഉപദേഷ്ടാവ്‌ അജിത്‌ ഡോവല്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുക്കും.

ഷീ ജിന്‍പിങ്ങിനെ വിമാനത്താവളത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, തമിഴ്‌നാട് സ്പീക്കര്‍ പി ധനപാല്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. വിശ്രമത്തിനുശേഷം വൈകിട്ട്‌ അഞ്ചോടെ മാമല്ലപുരത്തെത്തിയ ഷീ ജിന്‍പിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചു.

തമിഴ്‌ ശൈലിയില്‍ മുണ്ടും ഷര്‍ട്ടും ഷാളും ധരിച്ചാണ് മോഡി എത്തിയത്. തുടര്‍ന്ന്‌ ഇരുനേതാക്കളും ചരിത്രസ്‌മാരകങ്ങള്‍ സന്ദര്‍ശിച്ചു. അര്‍ജുന തപ ശില്പങ്ങള്‍, പഞ്ചരഥങ്ങള്‍, കടല്‍ത്തീര ക്ഷേത്രം എന്നിവ മോഡിയും ഷി ജിന്‍പിങ്ങും സന്ദര്‍ശിച്ചു. വൈകിട്ട്‌ ക്ഷേത്രസമുച്ചയ പരിസരത്ത്‌ ഇരുനേതാക്കള്‍ക്കുമായി കലാവിരുന്നൊരുക്കി.

ശനിയാഴ്‌ച ഫിഷര്‍മാന്‍സ്‌ കോവ്‌ റിസോര്‍ട്ടിലാണ്‌ കൂടിക്കാഴ്‌ച. ശേഷം പ്രതിനിധിസംഘം ചര്‍ച്ച തുടരും. ഉച്ചഭക്ഷണത്തിനുശേഷം ഷീ ജിന്‍പിങ്‌ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന്‌ തിരിച്ചുപോകും.

error: Content is protected !!