സൗരവ് ഗാംഗുലി ബി.സി.സി.ഐ അധ്യക്ഷനാകും

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ പുതിയ അധ്യക്ഷനാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ പുതിയ സെക്രട്ടറിയായും അരുണ്‍ ദുമാല്‍ ട്രഷറര്‍ ആയും സ്ഥാനമേല്‍ക്കും. തിങ്കളാഴ്ചയാണ് ബി.സി.സി.ഐ നേതൃപദവിയിലേക്ക് നാമനിര്‍ദേശം നല്‍കാനുള്ള അവസാന ദിവസം. എന്നാല്‍, ഐക്യകണ്ഠേന നാമനിര്‍ദേശം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഉണ്ടായേക്കില്ല.

നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റാണ് 47കാരനായ ഗാംഗുലി. അധ്യക്ഷ സ്ഥാനത്തേക്ക് എന്‍. ശ്രീനിവാസന്‍ പക്ഷത്തെ ബ്രിജേഷ് പട്ടേലിന്‍റെ പേരായിരുന്നു ഉയര്‍ന്നുകേട്ടത്. എന്നാല്‍, ഞായറാഴ്ച രാത്രി മുംബൈയില്‍ നടന്ന ബി.സി.സി.ഐ യോഗത്തില്‍ അപ്രതീക്ഷിതമായാണ് ഗാംഗുലിയുടെ പേര് പരിഗണിച്ചത്. ബ്രിജേഷ് പട്ടേല്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ആകും.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ ജയേഷ് ജോര്‍ജ് ബി.സി.സി.ഐയുടെ ജോയിന്‍റ് സെക്രട്ടറിയാകാനും സാധ്യത തെളിഞ്ഞു. എസ്. കരുണാകരന്‍ നായര്‍, ടി.സി. മാത്യു എന്നിവരാണ് ഇതിന് മുന്‍പ് ബി.സി.സി.ഐയില്‍ ഭാരവാഹികളായ മലയാളികള്‍.

You may have missed

error: Content is protected !!