സമൂഹത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ച് വരുന്നതായി വനിതാ കമ്മീഷന്‍

കൊച്ചി: സമൂഹത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും എന്നാല്‍ സ്ത്രീകളുടെ നിശബ്ദത മൂലം പുറത്തറിയുന്നില്ലെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍.കൊച്ചിയില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാഅദാലത്തില്‍ സംസാരിക്കുകയായിരുന്നു എം സി ജോസഫൈന്‍.പലരും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പരാതി നല്‍കാന്‍ പോലും കൂട്ടാക്കുന്നത്. എറണാകുളം പള്ളുരുത്തി അഗതിമന്ദിരത്തിലെ അന്തരീക്ഷം തൃപ്തികരമല്ലെന്നാണ് അവിടെ നടത്തിയ സന്ദര്‍ശനത്തില്‍ നിന്ന് വ്യക്തമായത്. ശൗചാലയങ്ങള്‍ വൃത്തിഹീനമാണ്. പരിസരവും അടിയന്തിരമായി ശുചീകരിക്കണം. ഇവിടെ കോര്‍പറേഷന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക ഉപയോഗിച്ച് ശൗചാലയങ്ങള്‍ നിര്‍മ്മിക്കണം. അടിയന്തിരമായി പരിസര ശുചീകരണവും നടത്തണം. 28 ന് നടക്കുന്ന കമ്മീഷന്‍ അദാലത്തിലേക്ക് കോര്‍പറേഷന്‍ സെക്രട്ടറിയെ വിളിച്ചു വരുത്തും. വൃദ്ധസദനങ്ങളുടെയും അഗതി മന്ദിരങ്ങളുടെയും നടത്തിപ്പിന് ചുമതലപ്പെട്ടവര്‍ കുറച്ച് ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു.

വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ 26 പരാതികള്‍ക്ക് പരിഹാരമായി. ആകെ 81 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 5 പരാതികള്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിനായി മാറ്റി വച്ചു. 50 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. തനിക്കും 32 ഉം, 28 ഉം വയസുള്ള മക്കള്‍ക്കും അര്‍ഹമായ അവകാശം ലഭിക്കുന്നില്ലെന്ന് കാണിച്ച് വീട്ടമ്മ നല്‍കിയ പരാതിയില്‍ മക്കള്‍ക്ക് തന്റെ സ്ഥാപനങ്ങളുടെ മേല്‍നോട്ടം നല്‍കാന്‍ ഭര്‍ത്താവിനോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 34 വര്‍ഷമായി തുടരുന്ന ഗാര്‍ഹീക പീഢനം മൂലം മക്കള്‍ കടുത്ത ഒറ്റപ്പെടലിലാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. സിസിടിവി വച്ചതുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ സിസിടിവി കാമറ എടുത്ത് മാറ്റാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കാക്കനാട് സ്വദേശിനിയായ സ്ത്രീ പൊതു ശല്യമായി മാറുകയാണെന്ന് കാണിച്ച് നാട്ടുകാര്‍ ഒന്നടങ്കം നല്‍കിയ പരാതിയില്‍ കമ്മീഷന്‍ സാമൂഹ്യ നീതി വകുപ്പിന്റെ റിപോര്‍ട്ട് തേടി. റിപോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. വനിതാ കമ്മീഷനംഗം അഡ്വ.ഷിജി ശിവജി, ഡയറക്ടര്‍ വി യു കുര്യാക്കോസ് എന്നിവര അദാലത്തില്‍ പങ്കെടുത്തു.

error: Content is protected !!