ധോണിയെ പിന്നിലാക്കി ഋഷഭ് പന്ത്; 50 പുറത്താക്കലുകൾക്ക് വെറും 11 കളി.

കിങ്സ്റ്റൻ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണിയുടെ പകരക്കാരനായാണ് യുവതാരം ഋഷഭ് പന്തിനെ ക്രിക്കറ്റ് പ്രേമികൾ കാണുന്നത്. ഇന്ത്യൻ ടീമും ഭാവിയിലേക്കുള്ള താരമായാണ് പന്തിനെ വളർത്തിക്കൊണ്ടുവരുന്നത്. ബാറ്റിങ്ങിന്റെ കാര്യത്തിൽ ധോണിയുടെ മികവ് പന്ത് കാണിക്കുന്നില്ലെങ്കിലും വിക്കറ്റ് കീപ്പിങ്ങിൽ മെച്ചപ്പെട്ട പ്രകടനമാണു താരത്തിന്റേത്. വെസ്റ്റിൻഡീസ് പര്യടനത്തിൽനിന്നു ധോണി ഒഴിവായതോടെ ഇന്ത്യൻ ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറുമായി പന്ത്.
ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റിലെ പുറത്താക്കലുകളിൽ എം.എസ്. ധോണിയുടെ നേട്ടത്തെ പിന്നിലാക്കിയിരിക്കുകയാണ് പന്ത്. ടെസ്റ്റിൽ വിക്കറ്റ് കീപ്പിങ്ങിലൂടെ 50 പേരെ പുറത്താക്കുന്നതിന് ധോണിക്കു വേണ്ടി വന്നത് 15 മൽ‌സരങ്ങളാണ്. എന്നാല്‍ 11 കളികളിൽനിന്ന് ഋഷഭ് പന്ത് 50 ‘പുറത്താക്കലുകൾ’ മറികടന്നു കഴിഞ്ഞു. ഞായറാഴ്ച വിൻഡീസ് താരം ക്രെയ്ഗ് ബ്രാത്ത്‍വെയ്റ്റിനെ ക്യാച്ചെടുത്തു പുറത്താക്കിയതോടെയാണ് ഋഷഭ് പന്ത് പുറത്താക്കലുകളിൽ ‘അർധസെഞ്ചുറി’ പിന്നിട്ടത്.

കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു ടെസ്റ്റ് മൽസരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറെന്ന നേട്ടത്തിനൊപ്പം പന്തും എത്തിയിരുന്നു. അഡ്‍ലെയ്ഡിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ഒന്നാം ടെസ്റ്റ് മൽസരത്തിൽ പന്ത് പിടിച്ചെടുത്തത് 11 ക്യാച്ചുകളാണ്. ഇതോടെ ഒരു മൽസരത്തിൽ കൂടുതൽ ക്യാച്ചുകളെടുത്ത ഇംഗ്ലണ്ടിന്റെ ജാക്ക് റസൽ, ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്സ് എന്നിവർക്കൊപ്പമെത്തി ഇന്ത്യന്‍ യുവതാരം. ആ ടൂർണമെന്റിൽ പന്ത് നേടിയ 20 ക്യാച്ചുകൾ, ഒരു ടെസ്റ്റ് പരമ്പരയിൽ ക്യാച്ചുകളുടെ എണ്ണത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും മികച്ച പ്രകടനമാണ്.

ടെസ്റ്റ് ക്രിക്കറ്റിൽ 10 മൽസരങ്ങൾ പൂർത്തിയാക്കിയ 21 വയസ്സുകാരൻ പന്ത് 727 റൺസാണ് ഇതുവരെ നേടിയത്. ടെസ്റ്റിൽ രണ്ട് സെഞ്ചുറികളും രണ്ട് അർധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. ഉയർന്ന സ്കോർ 159 റൺസ്. ഏകദിനത്തിൽ 229 ഉം ട്വന്റി20യിൽ 302 റണ്‍സും ഋഷഭ് പന്ത് നേടിയിട്ടുണ്ട്.

error: Content is protected !!