ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്: ഇന്ന് സമവായ ചര്‍ച്ച

കോട്ടയം : ഇടഞ്ഞുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ജോസഫുമായി സമവായ ചര്‍ച്ച നടത്തും. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, ജോഷി ഫിലിപ്പ് എന്നിവരാണ് ജോസഫ് വിഭാഗം നേതാക്കളുമായി കോട്ടയത്ത് ചര്‍ച്ച നടത്തുന്നത്.

ചര്‍ച്ചയില്‍ ജോസ് കെ മാണി വിഭാഗത്തെ പങ്കെടുപ്പിക്കരുതെന്ന് ജോസഫ് വിഭാഗം നിര്‍ദേശം മുന്നോട്ടുവെച്ചതായാണ് സൂചന. ആദ്യം തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക. മറ്റ് കാര്യങ്ങള്‍ പിന്നീട് എന്ന നിലപാടിലാണ് ജോസഫ് വിഭാഗം. കൂക്കി വിളിച്ചതും ലേഖനത്തിലൂടെ അപമാനിച്ചും ജോസ് വിഭാഗം തറരാഷ്ട്രീയം കളിച്ചിട്ടും രണ്ടുകൂട്ടരോടും അതൃപ്തി അറിയിച്ചെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയിലും ജോസഫ് വിഭാഗം അതൃപ്തി അറിയിച്ചിട്ടുണ്ട്.

പാലായില്‍ ഉപതെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ജോസഫ് വിഭാഗം ഇടഞ്ഞുനില്‍ക്കുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്നതും അനുനയ നീക്കങ്ങള്‍ക്ക് ആക്കംകൂട്ടി. ജോസഫ് വിഭാഗം ഒറ്റയ്ക്ക് പ്രചാരണം നടത്തിയാലും തിരിച്ചടിയാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. ജോസഫ് പക്ഷത്തെ പ്രകോപിപ്പിക്കരുതെന്ന് ജോസ് കെ മാണി വിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

error: Content is protected !!